ഉന്നാവോ ബലാത്സംഗ കേസ്: ബിജെപി എംഎല്‍എയുടെ സഹോദരന്‍ അറസ്റ്റില്‍

single-img
10 April 2018

ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എ പീഡിപ്പിച്ചതായി പരാതി നല്‍കിയ യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗറുടെ സഹോദരന്‍ അതുല്‍ സിങ് സെന്‍ഗര്‍ അറസ്റ്റിലായി. ഇയാളുടെ ഒളിത്താവളത്തില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. യുവതിയുടെ പിതാവിനെ ആക്രമിച്ചതിനാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു.

എംഎല്‍എ തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് 18കാരി കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയിരുന്നു. ഇതിനിടയിലാണ് അതുലിന്റെ നേതൃത്വത്തിലുള്ള സംഘം പെണ്‍കുട്ടിയുടെ അച്ഛനായ പപ്പു സിംഗിനെ ക്രൂരമായി മര്‍ദ്ദിച്ചത്.

എന്നാല്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഇയാളെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം എം.എല്‍.എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് കലശലായ വയറ് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു.

ഒരു വര്‍ഷം മുമ്പ് കുല്‍ദീപ് സിംഗ് സെന്‍ഗറും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ പൊലീസിനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ലെന്ന് യുവതി പറഞ്ഞു.

തുടര്‍ന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നിലെത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്നും പെണ്‍കുട്ടി വ്യക്തമാക്കി. അതേസമയം ആരോപണങ്ങള്‍ എം.എല്‍.എ തള്ളി. പത്ത് വര്‍ഷത്തിലധികമായുള്ള ചില കുടുംബ പ്രശ്‌നങ്ങളാണ് ഇത്തരമൊരു ആരോപണത്തിന് പിന്നിലെന്ന് കുല്‍ദീപ് പറഞ്ഞു. യുവതിയുടെ കുടുംബം കാരണം ഒരു കേസില്‍ ബലിയാടുകളാകേണ്ടി വന്ന രണ്ട് നിരപരാധികളെ താന്‍ രക്ഷിച്ചതിന്റെ പകയാണ് ആരോപണത്തിന് പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.