അംബേദ്കര്‍ പ്രതിമയ്ക്കും കാവിപൂശി യുപി സര്‍ക്കാര്‍: നിറം മാറ്റിയില്ലെങ്കില്‍ വിവരമറിയുമെന്ന് യോഗിയോട് ദളിത് സംഘടനകള്‍

single-img
10 April 2018

ഉത്തര്‍പ്രദേശില്‍ അംബേദ്കര്‍ പ്രതിമയ്ക്ക് കാവി നിറം നല്‍കി യോഗി സര്‍ക്കാര്‍. അംബേദ്കറുടെ പേരിനൊപ്പം ‘റാംജി’ എന്ന് കൂട്ടിച്ചേര്‍ത്ത നടപടി വിവാദമായതിനു പിന്നാലെയാണ് അംബേദ്കര്‍ പ്രതിമയ്ക്കും യു.പി സര്‍ക്കാര്‍ കാവി നിറം നല്‍കിയത്. ദുഗ്രൈയ്യ ഗ്രാമത്തില്‍ സ്ഥാപിച്ചിരുന്ന അംബേദ്കര്‍ പ്രതിമ വെള്ളിയാഴ്ച രാത്രി ചിലര്‍ തല്ലിത്തകര്‍ത്തിരുന്നു.

പോലീസും നാട്ടുകാരും നോക്കിനില്‍ക്കെയായിരുന്നു സംഭവം. പ്രതിമ തകര്‍ത്തതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ സമരം നടത്തുകയും ഒടുവില്‍ ജില്ലാ ഭരണകൂടം പുതിയൊരു പ്രതിമ സ്ഥാപിക്കുകയും ചെയ്തു. ഞായറാഴ്ച പുതിയ പ്രതിമ അനാച്ഛാദനം ചെയ്തപ്പോഴാണ് കാവി നിറത്തിലുള്ള കോട്ടണിഞ്ഞ അംബേദ്കര്‍ രൂപം പ്രത്യക്ഷപ്പെട്ടത്.

സാധാരണ നീല നിറമാണ് അംബേദ്കര്‍ പ്രതിമകളില്‍ ഉപയോഗിക്കാറുള്ളത്. ബിജെപി നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സര്‍വതിനെയും കാവിവത്കരിക്കുകയാണെന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എയും പാര്‍ട്ടി വക്താവുമായ സുനില്‍ സിങ് ആരോപിച്ചു. കെട്ടിടങ്ങള്‍, മതിലുകള്‍, പാര്‍ക്കുകള്‍, ബസ്സുകള്‍ തുടങ്ങി സ്‌കൂള്‍ ബാഗുകള്‍ക്ക് വരെ യോഗിആദിത്യനാഥ് സര്‍ക്കാര്‍ കാവി പൂശിയത് വലിയ വിവാദമായിരുന്നു.

‘നിറത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുകയാണ് സര്‍ക്കാര്‍. എല്ലാത്തിലും കാവി നിറം പൂശുകയാണ്. ഇപ്പോള്‍ അംബേദ്കര്‍ പ്രതിമയിലും കാവി പൂശിയിരിക്കുന്നു. ബിജെപിയുടെ ഉദ്ദേശ്യം എന്തെന്ന് ജനങ്ങള്‍ ഇപ്പോള്‍ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു. ഇത് അവരെ ഒരു നിലക്കും സഹായിക്കില്ല’, അദ്ദേഹം പറഞ്ഞു.