സ്‌കൂള്‍ വിദ്യാര്‍ഥിനിയില്‍ നിന്ന് സംരംഭകയായ അഫ്ഗാന്‍ പെണ്‍കുട്ടി

single-img
10 April 2018

അഫ്ഗാനിസ്ഥാന്‍കാരിയായ ഫ്രോസനെന്ന 19കാരിയെ കുഞ്ഞുസംരംഭകയാക്കി മാറ്റിയത് തേനീച്ച വളര്‍ത്തലാണ്. പരമ്പരാഗത വിശ്വാസങ്ങളെ മുറുകെ പിടിക്കുന്ന ഗ്രാമത്തില്‍ നിന്നായത് കൊണ്ടുതന്നെ ഒട്ടേറെ എതിര്‍പ്പുകള്‍ മറികടന്നാണ് തന്റെ ലക്ഷ്യത്തിലെത്താന്‍ ഫ്രോസന് കഴിഞ്ഞത്.

മൂന്ന് വര്‍ഷം മുമ്പാണ് തേനീച്ച വളര്‍ത്തല്‍ വ്യവസായത്തെ കുറിച്ച് ഫ്രോസന്‍ അറിയുന്നത്. ഒരു സന്നദ്ധസംഘടന വഴിയാണ് ഇതിന്റെ വിശദാംശങ്ങള്‍ അവള്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് ഫ്രോസനൊരു ലോണ്‍ സംഘടിപ്പിച്ചെടുത്തു. തേനീച്ച കൂട് വാങ്ങി. രണ്ട് തേനീച്ച കൂടുകളുമായി തന്റെ വ്യവസായം ആരംഭിച്ചു.

16 കിലോ തേനാണ് ആ സീസണില്‍ തേനീച്ചകള്‍ ഫ്രോസന് നല്‍കിയത്. ഇതോടെ ലോണ്‍ തിരിച്ചടച്ചു. അല്‍പ്പം സമ്പാദ്യവും കൈയിലെത്തി. അങ്ങനെ ഫ്രോസയുടെ വ്യവസായം വളര്‍ന്നു. 12 തേനീച്ചക്കൂടുകളാണ് ഇപ്പോള്‍ ഇവളുടെ പക്കലുള്ളത്. 110 കിലോ ഗ്രാം തേനാണ് കഴിഞ്ഞ വര്‍ഷം സമ്പാദിച്ചത്.

നേടിയത് 1450 ഡോളര്‍. ഫ്രോസന്റെ നേട്ടം വ്യക്തമാകണമെങ്കില്‍ അഫ്ഗാന്റെ പ്രതിശീര്‍ഷ വരുമാനം 600 ഡോളറാണെന്നതു കൂടി മനസിലാക്കണം. പിതാവ് ഇസ്മയിലാണ് ഫ്രോസന് പിന്തുണയുമായി കൂടെയുള്ളത്. 50 കിലോമീറ്റര്‍ അകലെയുള്ള മസര്‍ ഐ ഷരീഫ് പട്ടണത്തില്‍ തേനെത്തിക്കുന്നത് ഇസ്മയിലാണ്.

അവസാന വര്‍ഷ സ്‌കൂള്‍ വിദ്യാര്‍ഥിയായ ഫ്രോസന് ഒരു വലിയ വനിതാ സംരംഭകയാകണമെന്നാണ് ആഗ്രഹം. തേനീച്ച വളര്‍ത്തല്‍ തുടരും. കൂട്ടത്തില്‍ ഇക്കണോമിക്‌സ് പഠിക്കണമെന്നും ഫ്രോസന്‍ പറയുന്നു.