സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് പൊഴിയൂരില്‍ ആവേശോജ്വല സ്വീകരണം

single-img
9 April 2018

പതിനാല് വര്‍ഷങ്ങള്‍ക്കുശേഷം വംഗനാടന്‍ പടയെ അവരുടെ മടയില്‍ചെന്നടിച്ച് കപ്പുമായി വന്ന കേരളത്തിന്റെ അഭിമാന താരങ്ങള്‍ക്ക് പൊഴിയൂര്‍ തെക്കേകൊല്ലങ്കോട് എസ്.എം.ആര്‍.സിയുടെയും സെന്റ് മാത്യൂസ് ഇടവകയുടെയും നേതൃത്വത്തില്‍ ഗംഭീര സ്വീകരണം നല്‍കി.

പൊഴിയൂര്‍ ശ്രീ മഹാദേവര്‍ ക്ഷേത്ര പരിസരത്തു നിന്ന് എസ്.എം.ആര്‍.സിയിലെ അക്കാദമിയില്‍ പരിശീലിക്കുന്ന ഇരുന്നൂറിലധികം കുട്ടികളുടെയും നാട്ടുകാരുടെയും വിശിഷ്ടാതിഥികളുടെയും നേതൃത്വത്തില്‍ താരങ്ങളെ പള്ളിയങ്കണത്തിലുള്ള സ്വീകരണവേദിയിലേക്ക് ആനയിച്ചു.

സ്വീകരണ സമ്മേളനം നെയ്യാറ്റിന്‍കര എം.എല്‍.എ കെ.ആന്‍സലന്‍ ഉദ്ഘാടനം ചെയ്തു. തെക്കേകൊല്ലങ്കോട് ഇടവക വികാരി റവ.ഫാ.ഷാജു വില്യം അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ഗീവര്‍ഗീസ്, പാറശ്ശാല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സലൂജ, കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബല്‍സി ജയചന്ദ്രന്‍, കാരോട് പഞ്ചായത്ത് പ്രസിഡന്റ് അനിത സുരേഷ്, എസ്.എം.ആര്‍.സി പ്രസിഡന്റ് ആന്റക്സ്, ബ്ളോക്ക് പഞ്ചായത്തംഗം ജോണ്‍ബോസ്കോ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡന്‍സ്ററന്‍.സി.സാബു എന്നിവര്‍ പ്രസംഗിച്ചു.

സന്തോഷ് ട്രോഫി ജേതാക്കള്‍ക്കും കോച്ച് സതീവന്‍ ബാലനും പുറമെ വിവിധ സംസ്ഥാനങ്ങളെ സന്തോഷ് ട്രോഫിയില്‍ പ്രതിനിധീകരിച്ച പൊഴിയൂരിലെ തന്നെ താരങ്ങളായ രാജേഷ് സൂസനായകം, അജീഷ് പത്രോസ് എന്നിവരെയും ഐ ലിഗില്‍ ഗോകുലം കേരളയ്ക്കുവേണ്ടി ബൂട്ടണിഞ്ഞ ഷിനു സെല്‍വന്‍, ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ എ ലൈസന്‍സിയായ പരിശീലകന്‍ ക്ളയോഫാസ് അലക്സ് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.

കൂടാതെ തീരദേശത്തെ കലാകാരനും സംസ്ഥാന സര്‍ക്കാറിന്റെ മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് ജേതാവുമായ അലന്‍സിയര്‍ ലെയ് ലോപ്പസിനെയും കാരിക്കേച്ചര്‍ വരയിലൂടെ ഗിന്നസ് റെക്കോര്‍ഡ് ഭേദിച്ച് പ്രശസ്തനായ പൊഴിയൂര്‍ സ്വദേശി വില്യം പനിപ്പിച്ചയെയും പ്രത്യേക പുരസ്കാരം നല്‍കി ചടങ്ങില്‍ ആദരിച്ചു.

എസ്.എം.ആര്‍.സി സെക്രട്ടറി ശ്രീ.പ്ളാസിഡ് വിശിഷ്ടാതിഥികള്‍ക്ക് നന്ദി പറഞ്ഞു.