ബിജെപിയില്‍ പാളയത്തില്‍ പട: മോദി സര്‍ക്കാരിനെതിരെ കൂടുതല്‍ എം.പിമാര്‍ രംഗത്ത്

single-img
9 April 2018

മോദി സര്‍ക്കാരിന്റെ ദളിത് വിരുദ്ധ നയങ്ങള്‍ക്കെതിരെ കൂടുതല്‍ ബി.ജെ.പി എം.പിമാര്‍ രംഗത്ത്. ഭാരത് ബന്ദിന് ശേഷം ദളിതര്‍ പൊലീസടക്കമുള്ളവരില്‍ നിന്നും വലിയ പീഡനങ്ങള്‍ സഹിക്കേണ്ടിവരുന്നുണ്ടെന്ന് ഡല്‍ഹിയില്‍ നിന്നുള്ള ബി.ജെ.പി എം.പി ഉദിത് രാജ് കുറ്റപ്പെടുത്തി. ഇത് തടയണമെന്നും ഉദിത് രാജ് ആവശ്യപ്പെട്ടു.

മോദി സര്‍ക്കാര്‍ ദളിത് വിഭാഗങ്ങള്‍ക്കായി ഒന്നും ചെയ്തില്ലെന്ന് കുറ്റപ്പെടുത്തി നഗിന എം.പി യശ്വന്ത് സിങും യുപിയിലെ ദളിതര്‍ക്കെതിരെ കേസുകള്‍ ചമക്കുന്നതായി ആരോപിച്ച് ഇറ്റാവ എം.പി അശോക് കുമാര്‍ ദോറയും നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

കേന്ദ്രസര്‍ക്കാര്‍ ദളിതര്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ദളിത് എംപിയായ യശ്വന്ത് സിങിന്റെ ആരോപണം. സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തിലാണ് യശ്വന്ത് സിങ്ങ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

താനടക്കം പാര്‍ട്ടിയില്‍ നിന്നുള്ള ദളിത് എംപിമാര്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ ദളിത് വിരുദ്ധ പീഢനങ്ങളുടെ ഇരകളാണെന്നും യശ്വന്ത് സിങ് പറയുന്നു. ഉദ്യോഗങ്ങളിലെ സ്ഥാനക്കയറ്റത്തില്‍ സംവരണം കൊണ്ടുവരുന്ന ബില്ലിന്റെ കാര്യം എംപിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്നെ താന്‍ മോദിയുമായി ചര്‍ച്ച ചെയ്തിരുന്നതാണ്.

നിരവധി ദളിത് സംഘടനകളാണ് രാപ്പകലില്ലാതെ ഈയവശ്യമുന്നയിച്ച് തന്നെ സമീപിക്കുന്നത്. പക്ഷേ, 30 കോടി ദളിതര്‍ക്ക് നേരിട്ടാനുകൂല്യം ലഭിക്കുന്ന ഇക്കാര്യത്തില്‍ മോദി സര്‍ക്കാര്‍ ചെറുവിരല്‍ പോലും അനക്കാന്‍ തയ്യാറായില്ലെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ യശ്വന്ത് സിങ് പറഞ്ഞു.

സംവരണാനുകൂല്യത്തില്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു എന്നല്ലാതെ യാതൊന്നും ചെയ്യാന്‍ തനിക്കായില്ല. ദളിതനായതുകൊണ്ടു മാത്രമാണ് എംപിയെന്ന നിലയില്‍ താന്‍ അവഗണിക്കപ്പെട്ടതെന്നും യശ്വന്ത് സിങ് ആരോപിച്ചു. ഉത്തര്‍പ്രദേശിലെ നാഗിന മണ്ഡലത്തില്‍ നിന്നുള്ള എംപിയായ യശ്വന്ത് സിങ് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഫിസിഷ്യനാണ്.