ദളിത് സംഘടനകളുടെ ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടയുന്നു: ബസിനു നേരെ കല്ലേറ്

single-img
9 April 2018

ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ വാഹനങ്ങള്‍ തടയുന്നു. തലസ്ഥാനത്ത് തമ്പാനൂരില്‍ ദളിത് സംഘടനാ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ പുറത്താണ് ഉപരോധം. അതിനാല്‍ തന്നെ ഇവിടെ നിന്ന് ബസ്സുകള്‍ ഒന്നും പുറപ്പെട്ടിട്ടില്ല. പാളയം ഭാഗത്ത് നിന്ന് പ്രകടനമായാണ് പ്രവര്‍ത്തകര്‍ തമ്പാനൂരിലേക്ക് എത്തിയത്. രാവിലെ ആറരയോടെ ബസ് സ്‌റ്റേഷനില്‍ എത്തി സര്‍വീസ് നടത്തരുതെന്ന് ചില പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. നെടുമങ്ങാടും ബസുകളും സ്വകാര്യ വാഹനങ്ങളും തടഞ്ഞിട്ടിരിക്കുകയാണ്.

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ പ്രവര്‍ത്തകര്‍ എം.സി റോഡ് ഉപരോധിച്ചു. ഏറെനേരം വാഹനങ്ങള്‍ തടഞ്ഞു. കൊച്ചിയില്‍ ഹൈക്കോടതി പരിസരത്ത് വാഹനങ്ങള്‍ തടഞ്ഞ ആദിവാസി ഗോത്രമഹാസഭാ നേതാവ് ഗീതാനന്ദനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗീതാനന്ദനേയും ഒപ്പമുണ്ടായിരുന്ന 15 പേരെയുമാണ് കസ്റ്റഡിയിലെടുത്തത്. സി.എസ് മുരളി, വി.സി ജെന്നി എന്നിവരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ വാഹനങ്ങള്‍ തടഞ്ഞിട്ടില്ലെന്ന് ഗീതാനന്ദന്‍ പ്രതികരിച്ചു.

തൃശൂര്‍ വലപ്പാട്ട് കെ.എസ്ആര്‍.ടി.സി ബസ്സിന് നേര്‍ക്കുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് അത്തോളി മേഖലയില്‍ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. കണ്ണൂര്‍ പുതിയ തെരുവില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ആലപ്പുഴയില്‍ വാഹനം തടയാന്‍ ശ്രമിച്ച 11 പേരെ കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട ജില്ലയില്‍ സ്വകാര്യ ബസ്സുകളൊന്നും സര്‍വീസ് നടത്തുന്നില്ല.

വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്ന് കോട്ടയത്ത് താത്കാലികമായി കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.
ആരോഗ്യസര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും ഹര്‍ത്താലിനെ തുടര്‍ന്ന് മാറ്റിവെച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.