വാട്ട്‌സ് ആപ്പിലൂടെ അപവാദം പ്രചരിപ്പിച്ചു; ആലുവയില്‍ യുവതിയുടെ കല്യാണം മുടങ്ങി; ഒരാള്‍ അറസ്റ്റില്‍

single-img
8 April 2018

ആലുവ: വാട്ട്‌സ് ആപ്പിലൂടെ തെറ്റായ സന്ദേശം അയച്ചതിനെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ഥിനിയായ യുവതിയുടെ കല്യാണം മുടങ്ങി. സംഭവത്തില്‍ സന്ദേശമയച്ചയാളെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. ചേലക്കുളം കാവുങ്ങപറമ്പ് കീടേത്ത് വീട്ടില്‍ ഷിഹാബ് (35) ആണ് അറസ്റ്റിലായത്. മാര്‍ച്ച് 26ാം തീയതിയാണ് സംഭവം നടന്നത്.

ഇതേപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ: കോളേജ് വിദ്യാര്‍ഥിനിയായ എടത്തല സ്വദേശിനി സഹപാഠിയോടൊപ്പം ആലുവ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ സംസാരിച്ചു നില്‍ക്കുന്ന ദൃശ്യങ്ങളാണ് പ്രതി പകര്‍ത്തിയത്. വിദ്യാര്‍ഥിനിയെ അപമാനിക്കുംവിധം ഇവര്‍ ഒളിച്ചോടാനായി എത്തിയതാണെന്നും വീട്ടുകാരെ അടിയന്തരമായി അറിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള വോയ്‌സ് ക്ലിപ്പ് സഹിതമുള്ള സന്ദേശമാണ് പ്രതി പ്രചരിപ്പിച്ചത്.

ഇതോടെ യുവതിയുടെ നേരത്തെ നിശ്ചയിച്ചിരുന്ന വിവാഹം മുടങ്ങുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണം നടത്തി പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.