തോമസ് ചാണ്ടിയുടെ കാലത്ത് നടന്നത് മാഫിയാഭരണം: മന്ത്രി ശശീന്ദ്രനു മുന്നില്‍ തോമസ് ചാണ്ടിക്കെതിരെ തുറന്നടിച്ച് ഉദ്യോഗസ്ഥര്‍

single-img
8 April 2018

തോമസ് ചാണ്ടി മന്ത്രിയായിരുന്ന കാലത്ത് മാഫിയാ തലവന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കൈയിലായിരുന്നു ഗതാഗതവകുപ്പിന്റെ നിയന്ത്രണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍. ടിപ്പര്‍ ലോറി ഉടമകളുടെ സംഘടനാ നേതാവായ മാഫിയാ തലവനായിരുന്നു കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നതെന്നും അസോസിയേഷന്‍ ആരോപിച്ചു.

ഇയാള്‍ കാരണം നിയമം ലംഘിക്കുന്ന ടിപ്പര്‍ ലോറികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇപ്പോഴും സാധിക്കുന്നില്ലെന്നും അസോസിയേഷന്‍ നേതാക്കള്‍ വകുപ്പ് മന്ത്രി എക ശശീന്ദ്രന്റെ സാന്നിധ്യത്തില്‍ തുറന്നടിച്ചു. കോഴിക്കോട് നടക്കുന്ന മോട്ടോര്‍ വാഹന വകുപ്പ് ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിലാണ് മുന്‍മന്ത്രിയെ പരസ്യമായി കുറ്റപെടുത്തി വകുപ്പ് ജീവനക്കാര്‍ രംഗത്ത് എത്തിയത്.

സ്വാഗതം പ്രസംഗം തന്നെ മുന്‍മന്ത്രി തോമസ് ചാണ്ടിയെ കുറ്റപെടുത്തിയാണ് തുടങ്ങിയത്. അക്കാലത്ത് ഒരു എം.വി.ഐ ആണ് വകുപ്പ് ഭരിച്ചിരുന്നതെന്നും ഓഫിസര്‍മാരുടെ സ്ഥാനക്കയറ്റം പോലും ആറുമാസം തടഞ്ഞുവച്ചെന്നും സ്വാഗത പ്രാസംഗികന്‍ കുറ്റപെടുത്തി. വിജിലന്‍സ് അന്യായമായി കേസെടുക്കുന്നത് അവസാനിപ്പിക്കണമെന്നും സംഘടന മന്ത്രിയോട് ആവശ്യപെട്ടു.

ടിപ്പര്‍ ലോറി, ബസ് ഉടമാ സംഘടനകളുടെ നേതാവായ മാഫിയാ തലവന്റെ സ്വാധീനം കാരണം നിയമം ലംഘിക്കുന്ന ലോറികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കുന്നില്ല. വിജിലന്‍സിനെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ പീഡിപ്പിക്കുകയാണ്. ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്തു നിന്നും പുറത്തു പോയ കാലത്ത് മാഫിയാ സംഘങ്ങള്‍ക്കൊപ്പം നിന്ന ഉദ്യോഗസ്ഥര്‍ക്ക് നല്ലകാലമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി പക്ഷേ തോമസ് ചാണ്ടിയുടെ കാലത്തെ കാര്യങ്ങളെക്കുറിച്ച് മൗനം പാലിച്ചു. വിജിലന്‍സിന്റെ നടപടി ക്രമങ്ങള്‍ ലഘൂകരിക്കാന്‍ ചര്‍ച്ച നടത്തുമെന്നായിരുന്നു മന്ത്രിയുടെ വാഗ്ദാനം.