കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പൊന്നണിഞ്ഞ് ഇന്ത്യ; പൂനത്തിനും പതിനാറുകാരി മനുവിനും സ്വര്‍ണം

single-img
8 April 2018

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നാലാം ദിനം സ്വര്‍ണക്കൊയ്ത്തുമായി ഇന്ത്യ. ഭാരദ്വോഹനത്തില്‍ ഒരു സ്വര്‍ണവും ഷൂട്ടിങ്ങില്‍ ഒന്നു വീതം സ്വര്‍ണവും വെള്ളിയും ഇന്ത്യ നേടി. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം ആറായി ഉയര്‍ന്നു. ബോക്‌സിങ്ങില്‍ മേരി കോം സെമിഫൈനലില്‍ കടന്നതോടെ ഇന്ത്യ ഒരു മെഡല്‍ കൂടി ഉറപ്പിച്ചിട്ടുണ്ട്.

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങ്ങിലാണ് മനു ഭക്കറിന് സ്വര്‍ണം. ഇന്ത്യയുടെ തന്നെ ഹിന സിദ്ധുവിനാണ് വെള്ളി. ഗെയിംസ് റെക്കോഡോടെയായിരുന്നു പതിനാറുകാരിയായ മനു ഭാക്കറിന്റെ സുവര്‍ണനേട്ടം. മനു 240.9 പോയിന്റ് നേടിയപ്പോള്‍ വെള്ളി നേടിയ ഹീന 234 പോയിന്റ് നേടി. ഓസ്‌ട്രേലിയയുടെ എലേന ഗാലിയോബോവിച്ചിനാണ് വെങ്കലം.

വനിതകളുടെ 69കിലോ ഭാരോദ്വഹനത്തിലാണ് പൂനം യാദവ് സ്വര്‍ണം നേടിയത്. 222 കിലോഗ്രാം ഭാരമുയര്‍ത്തിയാണ് പൂനത്തിന്റെ സ്വര്‍ണനേട്ടം. ഈ വിഭാഗത്തില്‍ ഇംഗ്ലണ്ടിന്റെ സാറാ ഡേവിസ് വെള്വിയും ഫിജിയുടെ അപോളോണിയ വൈവായ് വെങ്കലവും നേടി.

ആകെ ആറു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമായി ഇന്ത്യ മെഡല്‍ പട്ടികയില്‍ നാലാംസ്ഥാനത്ത് തുടരുകയാണ്. സതീഷ്‌കുമാര്‍ ശിവലിംഗവും വെങ്കട് രാഹുലും ഭാരോദ്വഹനവേദിയില്‍ നിന്ന് ഇന്നലെ സ്വര്‍ണ മെഡലുകള്‍ നേടിയിരുന്നു.