സൂര്യനെ ലക്ഷ്യമാക്കി നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് ജൂലൈ 31നു കുതിച്ചുയരും

single-img
8 April 2018

വാഷിംഗ്ടണ്‍: സൂര്യനിലേക്കുള്ള മനുഷ്യന്റെ ആദ്യ സൗരദൗത്യമായ പാര്‍ക്കര്‍ സോളാര്‍ പ്രോബ് ജൂലായ് 31ന് തുടങ്ങും. സൂര്യന്റെ ഉപരിതല പാളിയെ ലക്ഷ്യമാക്കി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ നടത്തുന്ന ഗവേഷണ പേടകവുമായി ഡെല്‍റ്റ 4 എന്ന റോക്കറ്റ് അന്ന് കേപ്കനാവറിലെ കെന്നഡ് സ്‌പേസ് സെന്ററില്‍ നിന്ന് കുതിച്ചുയരും.

സൂര്യന്റെ പുറംപാളിയെന്ന് അറിയപ്പെടുന്ന കൊറോണയെ കുറിച്ച് പഠിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇതോടെ സൂര്യന്റെ ഏറ്റവും അടുത്ത് എത്തുന്ന ആദ്യത്തെ മനുഷ്യ നിര്‍മിത വസ്തുവെന്ന നേട്ടവും സോളാര്‍ പ്രോബിനു സ്വന്തമാകും. അടുത്ത മാസങ്ങളില്‍ തുടര്‍ച്ചയായ പരീക്ഷണങ്ങളിലൂടെയായിരിക്കും ഇനി ബഹിരാകാശ പേടകം കടന്നുപോകുക.

പേടകത്തിനു സൂര്യന്റെ കത്തിക്കാളുന്ന ചൂടില്‍ നിന്നു രക്ഷനേടുന്നതിനായി തെര്‍മല്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം (ടിപിഎസ്) സ്ഥാപിക്കുന്ന നടപടിയിലേക്കാണ് ഇനി കടക്കുക. സൂര്യന് 9.8 ദശലക്ഷം കിലോമീറ്റര്‍ വരെ അടുത്ത് കൊറോണയില്‍ നിന്നുള്ള ചൂടിനെ പേടകം അതിജീവിക്കുന്നതിനാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. ടിപിഎസ് സ്ഥാപിക്കുകയെന്നത് വിക്ഷേപണ വാഹനവുമായി കൂട്ടിച്ചേര്‍ക്കുന്നതിനു മുന്‍പത്തെ പ്രധാന ഘട്ടമാണെന്നും പാര്‍ക്കര്‍ സോളര്‍ പ്രോബ് പ്രോജക്ട് മാനേജര്‍ ജോണ്‍ ഹോപ്കിന്‍സ് അറിയിച്ചു.

ഫ്‌ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍ നിന്നാണ് പാര്‍ക്കര്‍ സോളര്‍ പ്രോബ് കുതിച്ചുയരുക. ഏഴു വര്‍ഷം നീളുന്ന പദ്ധതിക്കൊടുവില്‍ നക്ഷത്രങ്ങളെക്കുറിച്ചു നിലനില്‍ക്കുന്ന ഒട്ടേറെ സംശയങ്ങള്‍ക്ക് ഉത്തരം ലഭിക്കുമെന്നാണു നാസയുടെ പ്രതീക്ഷ.