ബോഡിഗാര്‍ഡിലെ രണ്ട് നായകന്‍മാരും ജയിലിലായി; ഇനി അടുത്ത ഊഴം വിജയുടേതോ? വൈറലായി ട്രോള്‍

single-img
7 April 2018

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായിരുന്നു സിദ്ധിഖ് സംവിധാനം ചെയ്ത ബോഡിഗാര്‍ഡ് എന്ന ചിത്രം. ദിലീപും നയന്‍താരയും തകര്‍ത്തഭിനയിച്ച ചിത്രം പിന്നീട് തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്തു. തമിഴില്‍ വിജയും അസിനുമായിരുന്നു നായികാനായകന്‍മാര്‍. ഹിന്ദിയിലാകട്ടെ സല്‍മാന്‍ ഖാനും കരീന കപൂറും പ്രധാന കഥാപാത്രങ്ങളായി.

വര്‍ഷങ്ങള്‍ക്കിപ്പുറം ബോഡിഗാര്‍ഡ് വീണ്ടും ചര്‍ച്ചയാകുകയാണ്. അതും ട്രോളുകളിലൂടെ. ബോഡിഗാര്‍ഡിന്റെ മലയാളത്തിലും ഹിന്ദിയിലും നായകന്‍മാരായി വേഷമിട്ട ദിലീപും സല്‍മാന്‍ ഖാനും ജയിലിലായി, ഇനി അടുത്ത ഊഴം തമിഴില്‍ നായകനായ വിജയുടേതാണോ എന്നാണ് ട്രോള്‍.

നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സെന്‍ട്രല്‍ ജയിലില്‍ മൂന്ന് മാസത്തോളമാണ് ദിലീപിന് കിടക്കേണ്ടി വന്നത്. ഇതിനിടയില്‍ നാല് തവണ നടന്റെ ജാമ്യഹര്‍ജി തള്ളി. പിന്നീട് ഉപാധികളോടെയാണ് നടന് ജാമ്യം ലഭിച്ചത്. ഇപ്പോള്‍ കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.

കൃഷ്ണമൃഗ വേട്ട കേസിലാണ് സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരിക്കുന്നത്. ജോധ്പുര്‍ സെന്‍ട്രല്‍ ജയിലിലാണ് താരം. ഇനി അടുത്ത ഊഴം വിജയ്ക്കാണോ എന്ന സംശയത്തിലാണ് ട്രോളര്‍മാര്‍. സോഷ്യല്‍മീഡിയയില്‍ ഇത് സംബന്ധിച്ച ട്രോളുകള്‍ വൈറലാകുന്നുണ്ട്. സിനിമയില്‍ അഭിനയിച്ച രണ്ട് നടന്മാരും ജയിലില്‍ പോയി. ഇനി താന്‍ മാത്രമേയുള്ളൂയെന്ന് അറിയുന്ന വിജയ് പേടിച്ചരണ്ട് നില്‍ക്കുന്ന ചിത്രങ്ങളാണ് ട്രോളുകളിലുള്ളത്.