കേരളത്തില്‍ ബിജെപി ഒഴികെയുള്ളവര്‍ അഴിമതിക്കു കൂട്ടുനില്‍ക്കുന്നുവെന്ന് കണ്ണന്താനം

single-img
7 April 2018

Support Evartha to Save Independent journalism

കോഴിക്കോട്: കേരളത്തില്‍ ബി.ജെ.പി ഒഴികെയുള്ള പാര്‍ട്ടികള്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഭരണകക്ഷിയും ബി.ജെ.പി ഒഴികെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും അഴിമതിക്ക് കൂട്ടുനിന്നതിനാലാണ് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ അനധികൃതമായി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ പ്രവേശനം ക്രമപ്പെടുത്തുന്നതിന് ബില്‍ കൊണ്ടുവന്നത്.

വിവാദ ബില്‍ ഗവര്‍ണര്‍ അംഗീകരിക്കരുതെന്നാണ് തന്റെ അഭിപ്രായമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ബില്‍ കൊണ്ടുവന്നത് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയല്ല, കോളേജുകള്‍ക്ക് വേണ്ടിയാണെന്ന് എല്ലാവര്‍ക്കും അറിയാം. കേന്ദ്രത്തില്‍ നിന്ന് പണം വാങ്ങാന്‍ താല്‍പ്പര്യം കാണിക്കുന്ന കേരള സര്‍ക്കാര്‍ ആ പണം ഉപയോഗിച്ച് നടത്തുന്ന പദ്ധതികളുടെ ഉദ്ഘാടനവും മറ്റും ആരെയും അറിയിക്കാതെ നടത്തുകയാണെന്ന് കണ്ണന്താനം ആരോപിച്ചു.

ബീച്ചുകളിലെ ടൂറിസം വികസനത്തിനായി എത്ര പണം വേണമെങ്കിലും അനുവദിക്കാമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. എന്നാല്‍ സംസ്ഥാന ടൂറിസം വകുപ്പ് പദ്ധതികള്‍ സമര്‍പ്പിച്ചിട്ടില്ലെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.