വ്യത്യസ്ത മേക്കോവറുകളിലൂടെ രസിപ്പിക്കാന്‍ ധര്‍മ്മജന്‍

single-img
7 April 2018

സ്വതസിദ്ധമായ സംസാരശൈലിയിലൂടെയും തമാശകളും കൊണ്ട് പ്രേക്ഷകമനസില്‍ ചേക്കേറിയ നടനാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. കോമഡി പരിപാടികളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും താരമായി വളര്‍ന്ന ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്ക് ആദ്യ ബ്രേക്ക് ലഭിക്കുന്നത് ദിലീപിനൊപ്പമുള്ള പാപ്പി അപ്പച്ചനിലൂടെയാണ്.

പിന്നീട് ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടാനും ഇദ്ദേഹത്തിന് സാധിച്ചു. സണ്‍ഡേ ഹോളിഡേ, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ജനപ്രീതി വര്‍ദ്ധിപ്പിച്ച ധര്‍മ്മജന്‍ സ്വന്തമായി നിര്‍മ്മാണസംരംഭവുമായി മുന്നോട്ട് പോകുകാണ്.

കലാരംഗത്ത് രമേഷ് പിഷാരടി ധര്‍മ്മജന്‍ കൂട്ടുകെട്ട് സൂപ്പര്‍ഹിറ്റാണ്. രമേഷ് പിഷാരടിയുടെ കന്നി സംവിധാന സംരംഭമായ പഞ്ചവര്‍ണ്ണതത്തയില്‍ പ്രധാന വേഷം തന്നെയാണ് ധര്‍മ്മജന് നല്‍കിയിരിക്കുന്നത്. ഇതില്‍ ഏറെ രസകരമെന്തെന്നാല്‍ മൂന്ന് വ്യത്യസത ഗെറ്റപ്പുകളാണ് ചിത്രത്തില്‍.

വൃദ്ധയായ സ്ത്രീ, പള്ളീലച്ചന്‍, യുവതി എന്നിങ്ങനെ വ്യത്യസ്ത വേഷങ്ങളിലാണ് താരം സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടത്തുന്നതിന് ധര്‍മ്മജന്റെ കഥാപാത്രമായ വേലു നടത്തുന്ന ശ്രമങ്ങളാണിതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് മണിക്കൂറോളം സമയമെടുത്ത് ധര്‍മ്മജനെ അണിയിച്ചൊരുക്കിയത് മേക്കപ്പ്മാന്‍ പ്രദീപ് രംഗനാണ്. മൂന്ന് ഗെറ്റപ്പിനും കോസ്റ്റ്യൂം ഒരുക്കിയത് സ്റ്റഫി സേവ്യറും.