സല്‍മാന്‍ ഖാന്‍ ഇന്നും ജയിലില്‍ കിടക്കണം: ജാമ്യാപേക്ഷയില്‍ വിധി നാളെ

single-img
6 April 2018

ജോധ്പൂര്‍: സിനിമാ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ അഞ്ച് വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ വിധി നാളെ. ജോധ്പുര്‍ സെഷന്‍സ് കോടതിയാണ് സല്‍മാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

ഇതോടെ ഇന്ന് രാത്രി കൂടി സല്‍മാന് ജോധ്പൂരിലെ ബാരക് നമ്പര്‍ 2 ജയിലില്‍ കഴിയേണ്ടി വരും. നാളെ രാവിലെ 10:30നാണ് കേസ് പരിഗണിക്കുക. ഇതിനിടെ, സല്‍മാനു വേണ്ടി കോടതിയില്‍ ഹാജരാകരുതെന്ന് ആവശ്യപ്പെട്ട് രാത്രിയില്‍ തനിക്കു ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായി താരത്തിന്റെ അഭിഭാഷകന്‍ മഹേഷ് ബോറ മാധ്യമങ്ങളോട് പറഞ്ഞു.

എസ്എംഎസ് വഴിയും ഇന്റര്‍നെറ്റ് കോള്‍ വഴിയുമാണ് ഭീഷണി സന്ദേശമെത്തിയതെന്ന് മഹേഷ് ബോറ അറിയിച്ചു. ജോധ്പുര്‍ റൂറല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണു 19 വര്‍ഷം പഴക്കമുള്ള കേസില്‍ ശിക്ഷ വിധിച്ചത്. സല്‍മാന്‍ 10,000 രൂപ പിഴ അടയ്ക്കാനും ഉത്തരവിട്ട കോടതി, കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന താരങ്ങളായ സെയ്ഫ് അലി ഖാന്‍, തബു, നീലം കോഠാരി, സൊണാലി ബേന്ദ്ര എന്നിവരെ വേണ്ടത്ര തെളിവുകളില്ലാത്തതിനാല്‍ കുറ്റവിമുക്തരാക്കിയിരുന്നു.

1998 ഒക്ടോബര്‍ ഒന്നിനു ജോധ്പുരിനു സമീപം നടന്ന മൃഗവേട്ടയുമായി ബന്ധപ്പെട്ട കേസില്‍ വന്യജീവി സംരക്ഷണ നിയമത്തിലെ 9/51, ഐപിസി 149 (കുറ്റകരമായ കൂട്ടംചേരല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണു സല്‍മാന്‍ കുറ്റക്കാരനാണെന്നു കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്.

ജയിലിലെ ആദ്യദിവസം രാത്രിയില്‍ സല്‍മാന്‍ ഭക്ഷണമൊന്നും കഴിച്ചില്ല. ജയില്‍ അധികൃതര്‍ നല്‍കിയ ഭക്ഷണം സഹതടവുകാരനായ ആത്മീയ നേതാവ് ആസാറം ബാപ്പുവിനു കൈമാറുകയായിരുന്നു. അതേസമയം, സല്‍മാനു ജാമ്യം ലഭിക്കാതിരുന്നത് 800 കോടി രൂപയുടെ നഷ്ടമുണ്ടാക്കുമെന്ന ആശങ്കയിലാണു ബോളിവുഡ്.

സല്‍മാനു പുറത്തിറങ്ങാന്‍ സാധിക്കാതിരുന്നാല്‍ നിരവധി ബിഗ്ബജറ്റ് ചിത്രങ്ങളാണു പാതിവഴിയിലാവുക. ‘അദ്ദേഹത്തിന് ജാമ്യം കിട്ടിയില്ലെങ്കില്‍ വലിയ സാമ്പത്തിക നഷ്ടമായിരിക്കും സിനിമാമേഖലയ്ക്ക്. വെറും വിജയമല്ല, പടുകൂറ്റന്‍ ഹിറ്റ് തരുമെന്ന് ഉറപ്പുള്ള ചുരുക്കം സൂപ്പര്‍ സ്റ്റാറുകളിലൊരാളാണു സല്‍മാന്‍’– ബോളിവുഡ് ട്രേഡ് അനലിസ്റ്റ് കൊമാല്‍ നാഹ്ത പറഞ്ഞു.