അഴിമതി കേസില്‍ ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റിന് 24 വര്‍ഷം തടവ്

single-img
6 April 2018

സോള്‍: അഴിമതി കേസില്‍ ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂണ്‍ഹൈ കുറ്റക്കാരന്‍. പാര്‍കിന് കോടതി 24 വര്‍ഷം തടവുശിക്ഷ വിധിച്ചു. അധികാരം ദുര്‍വിനിയോഗം ചെയ്തു, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് മുന്‍ വനിത ഭരണാധികാരിക്കെതിരെ ചുമത്തിയിരിക്കുന്നത്.

വിചാരണയുടെ പലഘട്ടങ്ങളും അവര്‍ ബഹിഷ്‌കരിച്ചിരുന്നു. ശിക്ഷാ വിധി പ്രഖ്യാപിക്കുന്ന സമയത്തും അവര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. വിധി പ്രഖ്യാപനം ടെലിവിഷനിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്തു. പാര്‍ക്കിന് 30 വര്‍ഷം തടവുശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യുഷന്‍ ആവശ്യപ്പെട്ടിരുന്നത്. സോള്‍ സെന്‍ട്രല്‍ ജില്ലാ കോടതി ജഡ്ജി കിം സെയങ് ആണ് വിധി പ്രസ്താവിച്ചത്.

വധിക്കപ്പെട്ട ഏകാധിപതി പാര്‍ക്ക് ചുങ് ഹീയുടെ മകളായ പാര്‍ക്ക് 2013 ലാണ് പ്രസിഡന്റായി അധികാരമേറ്റത്. നാല് വര്‍ഷത്തിന് ശേഷം അവരെ അഴിമതി ആരോപണങ്ങളുടെ പേരില്‍ ഇംപീച്ച്‌മെന്റിലൂടെ പുറത്താക്കി. പാര്‍ക്കിനെതിരെ വന്‍ പ്രതിഷേധം രാജ്യത്ത് അലയടിച്ചിരുന്നു.

ഉറ്റതോഴി ചോയി സൂണ്‍ സില്ലിന്റെ അഴിമതിയും അധികാരദുര്‍വിനിയോഗവുമാണ് അവരുടെ കസേര തെറിപ്പിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായി നയംമാറ്റുന്നതിന് ഉറ്റതോഴിയെ ഉപയോഗിച്ച് കൈക്കൂലി വാങ്ങിയെന്നാണ് പ്രധാന കുറ്റം.