മോദി പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി പറ്റിച്ചു: ഇനി ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് രാജസ്ഥാനിലെ യുവാക്കള്‍

single-img
6 April 2018

വാഗ്ദാനം ചെയ്ത തൊഴില്‍ നല്‍കിയില്ലെങ്കില്‍ ഇനി മോദിക്ക് വോട്ട് ചെയ്യില്ലെന്ന മുന്നറിയിപ്പുമായി രാജസ്ഥാനിലെ കസ്ബ ബോണ്‍ലി നഗരവാസികള്‍. മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത തൊഴില്‍ തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും ഇനി ബി.ജെ.പി സര്‍ക്കാരിനെ അധികാരത്തിലെത്താന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും പറഞ്ഞാണ് യുവാക്കളുടെ പ്രതിഷേധം.

രാജസ്ഥാനിലെ കസബ ബോണ്‍ലി ടൗണിലൂടെയായിരുന്നു കേന്ദ്രസര്‍ക്കാരിനെതിരായ യുവാക്കളുടെ പ്രതിഷേധം. ‘കഴിഞ്ഞ തവണ മോദിക്കാണ് വോട്ട് ചെയ്തത്. തൊഴില്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതാണ്. എന്തെങ്കിലും ജോലി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു.

പക്ഷേ കിട്ടിയില്ല. ഇനി അദ്ദേഹത്തിന് വോട്ട് ചെയ്യില്ല’ ബിരുദാനന്ത ബിരുദധാരിയായിട്ടും പെയിന്റിങ് തൊഴിലാളിയാകേണ്ടി വന്ന രാകേഷ് കുമാര്‍ പറയുന്നു. എന്റെ രണ്ട് മക്കളും നല്ല വിദ്യാഭ്യാസം നേടിയവരാണ്, പക്ഷേ അവര്‍ക്ക് തൊഴില്‍ കിട്ടുന്നില്ല നഗരത്തിലെ കര്‍ഷകരുടെ നേതാവായ ഹനുമാന്‍ പ്രസാദ് മീണ പറയുന്നു.

മോദിയെ കണ്ട് തന്നെയാണ് പല കര്‍ഷകരും കഴിഞ്ഞ തവണ വോട്ടുചെയ്തത്. പക്ഷേ ഇപ്പോള്‍ ആ പിന്തുണ ഈ നഗരത്തില്‍ അവര്‍ക്കില്ലെന്നും മീണ പറയുന്നു. സംസ്ഥാനത്തെ തൊഴിലില്ലായ്മ പ്രശ്‌നം ബി.ജെ.പിക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കുമെന്ന് രാജസ്ഥാനിലെ പ്രാദേശിക ബി.ജെ.പി നേതാക്കളും കരുതുന്നുണ്ട്. റോയിട്ടേഴ്‌സ് സംഘമാണ് ഈ ഗ്രാമം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

2014 ലെ തിരഞ്ഞെടുപ്പ് വേളയില്‍ ഇന്ത്യയിലെ യുവാക്കള്‍ക്ക് ഒരു കോടി തൊഴില്‍ എന്ന വാഗ്ദാനമാണ് മോദി മുന്നോട്ടുവച്ചത്. ജനവിധി അനുകൂലമാകുന്നതില്‍ ഈ വാഗ്ദാനവും നിര്‍ണായകമായി. എന്നാല്‍ അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ഈ വാഗ്ദാനം തന്നെയാകും മോദിക്ക് ഏറ്റവും വെല്ലുവിളിയാകുകയെന്നും രാഷ് ട്രീയ നിരീക്ഷകര്‍ പറയുന്നു.