മാധുരിയെ കുറിച്ചുള്ള ചോദ്യം ചൊടിപ്പിച്ചു; മറുപടി നല്‍കാതെ സഞ്ജയ് ദത്ത് സ്ഥലംവിട്ടു (വീഡിയോ)

single-img
5 April 2018

Support Evartha to Save Independent journalism

90കളില്‍ ബോളിവുഡിലെ ചര്‍ച്ചാ വിഷയമായിരുന്നു മാധുരി ദീക്ഷിത്ത് സഞ്ജയ് ദത്ത് പ്രണയം. മാധുരിമായുള്ള പ്രണയം സഞ്ജയിന്റെ ദാമ്പത്യ ജീവിതത്തില്‍ വലിയ പൊല്ലാപ്പുകളാണുണ്ടാക്കിയത്. 1997ന് ശേഷം ഇരുവരെയും ഒരുമിച്ച് കണ്ടിട്ടില്ല. എന്നാല്‍ അടുത്തിടെ ഒരു വാര്‍ത്ത പ്രചരിച്ചു.

സഞ്ജയ് ദത്തും മാധുരിയും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നുവെന്ന്. ഇത് സംബന്ധിച്ച് സഞ്ജയിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. എന്നാല്‍ കേട്ടപാതി കേള്‍ക്കാത്ത പാതി ദേഷ്യം വന്ന സഞ്ജയ് അവിടംവിട്ടു. ബോളിവുഡ് താരങ്ങളും ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന ക്രിക്കറ്റ് മാച്ച് കാണാന്‍ എത്തിയപ്പോഴായിരുന്നു സഞ്ജയിന് മാധുരിയെ കുറിച്ചുള്ള ചോദ്യം നേരിടേണ്ടി വന്നത്.

ക്രിക്കറ്റ് മാച്ചിനെ കുറിച്ച് ചോദിച്ച് തുടങ്ങിയ മാധ്യമങ്ങളോട് ആദ്യം വിശദമായി സംസാരിച്ച സഞ്ജയ് അടുത്ത ചോദ്യം മാധുരിയെ കുറിച്ചാണെന്ന് മനസിലായതും മുഖം വെട്ടിച്ച് അവിടെ നിന്ന് പോവുകയായിരുന്നു. മാധുരിയുമായി വീണ്ടും ഒരു സിനിമയില്‍ ഒന്നിക്കുമോ എന്നായിരുന്നു ചോദ്യം.

പത്രപ്രവര്‍ത്തകന്‍ യാസെര്‍ ഉസ്മാന്‍ എഴുതിയ ‘സഞ്ജയ് ദത്ത്: ദ ക്രേസി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് ബോളിവുഡ്‌സ് ബാഡ് ബോയ്’ എന്ന പുസ്തകം വിവാദമായ പശ്ചാത്തലത്തില്‍ കൂടിയാണ് ചോദ്യം. 1987 ലാണ് സഞ്ജയ് ദത്തും ബോളിവുഡ് നടിയായ റിച്ചയും വിവാഹിതരായത്.

മസ്തിഷ്‌കത്തിലെ അര്‍ബുദത്തിന് അമേരിക്കയില്‍ ചികിത്സക്കായി എത്തിയതായിരുന്നു റിച്ച. ഈ സമയത്താണ് ഒരു പ്രശസ്തമായ മാസികയില്‍ സഞ്ജയ് മാധുരി പ്രണയത്തെക്കുറിച്ച് വിശദമായ ഒരു ലേഖനം വന്നത്. പരിഭ്രാന്തയായ റിച്ച ഡോക്ടറുടെ അനുവാദത്തോടെ ഇന്ത്യയിലേക്ക് തിരിച്ചു. മാധുരിയുമായുള്ള പ്രണയം സഞ്ജയ് ദത്തിന്റെ ദാമ്പത്യ ജീവിതത്തെ ബാധിക്കുന്നുവോ? എന്നായിരുന്നു അന്നത്തെ തലക്കെട്ട്.

സഞ്ജയ് ദത്തിനോടൊപ്പം ജീവിക്കാനായിരുന്നു റിച്ചയുടെ ആഗ്രഹം. എന്നാല്‍ സഞ്ജയ് വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചു. ഇത് റിച്ചയെ മാനസികമായി തകര്‍ത്തു. 1993 ല്‍ അര്‍ബുദം രൂക്ഷമാവുകയും ചെയ്തു. ന്യൂയോര്‍ക്കിലേക്ക് തിരിച്ചുപോയ റിച്ച 1996 ഡിസംബര്‍ 6ന് അന്തരിച്ചു.

പിന്നീട് മകള്‍ തൃഷാലയുടെ അവകാശത്തിന് വേണ്ടി സഞ്ജയിന്റെ കുടുംബവും റിച്ചയുടെ കുടുംബവും പോരടിച്ചു. സ്‌ഫോടനക്കേസില്‍ ശിക്ഷ ലഭിച്ചതോടു കൂടി മാധുരി സഞ്ജയ് ബന്ധം തകര്‍ന്നു, യാസെര്‍ ഉസ്മാന്‍ പുസ്തകത്തില്‍ കുറിച്ചു.