യോഗയുടെ മറവില്‍ സംഘപരിവാര്‍ നടപ്പാക്കുന്നത് വര്‍ഗീയ അജണ്ട: സീറോ മലബാര്‍ സഭ

single-img
4 April 2018

യോഗയുടെ മറവില്‍ സംഘപരിവാര്‍ സംഘടനകള്‍ ഹിന്ദുത്വ അജണ്ടയും വര്‍ഗ്ഗീയ രാഷ്ട്രീയവും പ്രചരിപ്പിക്കുകയാണെന്ന് സീറോ മലബാര്‍ സഭാ മെത്രാന്‍ സമിതി. യോഗയും ക്രൈസ്തവ വിശ്വാസവും ചേര്‍ന്നു പോകില്ല. അതിനാല്‍ യോഗയെ പ്രോല്‍സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും സിനഡ് ആവശ്യപ്പെടുന്നു.

സിറോ മലബാര്‍ സഭയിലെ ചില രൂപതകളില്‍ ആരാധനാ ക്രമത്തില്‍ അടക്കം യോഗ സ്ഥാനം പിടിച്ചതോടെയാണ് യോഗയെക്കുറിച്ച് പഠിക്കാന്‍ മെത്രാന്‍ സമിതി ദൈവശാസ്ത്ര കമ്മീഷനെ നിയോഗിച്ചത്. കമ്മീഷന്‍ സിനഡിന് മുന്‍പില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ യോഗക്കെതിരെ കടുത്ത പരാമര്‍ശങ്ങളാണുള്ളത്.

യോഗയുടെ മറവില്‍ സംഘപരിവാര്‍ വര്‍ഗ്ഗീയതയും, ഹിന്ദുത്വ അജണ്ഡകളും നടപ്പാക്കുകയാണ്. യോഗ മനുഷ്യനെ ദൈവത്തോട് അടുപ്പിക്കുന്നില്ല. അതിനാല്‍ അത് ക്രൈസ്തവ വിശ്വാസത്തോട് ചേര്‍ന്ന് പോകില്ല. ഈ സാഹചര്യത്തില്‍ യോഗാനുഷ്ഠാനങ്ങളെ നിര്‍ബന്ധിത പുനര്‍വായനക്ക് വിധേയമാക്കണമെന്ന് സീറോ മലബാര്‍ സഭ ഡോക്‌ട്രൈനല്‍ കമ്മീഷന്‍ പറയുന്നു.

യോഗയെ ഒരു ശാരീരിക വ്യായാമമായി കാണുന്നതില്‍ തെറ്റില്ല. എന്നാല്‍ യോഗയെ ഒരു ധ്യാന രീതിയായോ ദേവവചന വ്യാഖ്യാന രീതിയായോ മോക്ഷമാര്‍ഗ്ഗമായോ അവതരിപ്പിക്കുന്നത് ദുരവ്യാപക ദുരന്തങ്ങള്‍ക്ക് കാരണമാകും. യോഗാദര്‍ശനം അനുസരിച്ച് മനുഷ്യന് ഒരു രക്ഷകന്റെ ആവശ്യമില്ല. യോഗയുടെ ദൈവസങ്കല്‍പ്പം കേവലം ഒരു ശക്തിയാണെങ്കില്‍ ക്രിസ്തീയതയിലെ ദൈവം സ്‌നേഹമുളള വ്യക്തിയാണെന്നും സഭ ചൂണ്ടിക്കാട്ടുന്നു.