നടന്‍ ജയസൂര്യയുടെ വീടിന്റെ ചുറ്റുമതിലും ബോട്ട് ജെട്ടിയും പൊളിച്ചുനീക്കി

single-img
4 April 2018

Support Evartha to Save Independent journalism

നടന്‍ ജയസൂര്യയുടെ കായല്‍കയ്യേറ്റത്തില്‍ നടപടിയുമായി നഗരസഭ. കായല്‍ കൈയേറി ജയസൂര്യ വീടിന്റെ ചുറ്റുമതിലും ബോട്ട് ജെട്ടിയും നിര്‍മിച്ചത് കൊച്ചി കോര്‍പ്പറേഷന്‍ പൊളിച്ച് നീക്കി. ഇത് പൊളിക്കുന്നതിനെതിരെ ജയസൂര്യ നല്‍കിയ ഹര്‍ജി തിരുവനന്തപുരത്തെ തദ്ദേശ ട്രൈബ്യൂണല്‍ നേരത്തെ തള്ളിയിരുന്നു.

ഇതേത്തുടര്‍ന്നാണ് കോര്‍പ്പറേഷന്‍ കൈയേറ്റം പൊളിച്ച് നീക്കിയത്. കൊച്ചുകടവന്ത്ര ഭാഗത്ത് ജയസൂര്യ സ്വകാര്യ ബോട്ടുജെട്ടിയും ചുറ്റുമതിലും 3000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള വീടിന് ചുറ്റുമതില്‍ നിര്‍മിച്ചത് ചെലവന്നൂര്‍ കായല്‍ പുറമ്പോക്ക് കൈയേറിയാണെന്നും തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മ്മാണ ചട്ടവും ലംഘിച്ചാണെന്നാണ് ആരോപണം.

മൂന്ന് സെന്റ് 700 സ്‌ക്വയര്‍ ലിങ്ക്‌സ് കായല്‍ ജയസൂര്യ കൈയേറിയിട്ടുണ്ടെന്നാണ് താലൂക്ക് സര്‍വെയര്‍ പരിശോധനയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 14 ദിവസത്തിനകം നിര്‍മ്മാണം സ്വന്തം ചെലവില്‍ പൊളിച്ച് മാറ്റണമെന്ന് 2014 ഫെബ്രുവരി 28ന് നഗരസഭ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ തദ്ദേശ ട്രൈബ്യൂണലിനെ ജയസൂര്യ സമീപിക്കുകയായിരുന്നു. ഹര്‍ജി പിന്നീട് ട്രൈബ്യൂണല്‍ തള്ളുകയായിരുന്നു.

പൊതുപ്രവര്‍ത്തകന്‍ കളമശേരി സ്വദേശി ഗിരീഷ് നല്‍കിയ പരാതിയില്‍ ജയസൂര്യയ്‌ക്കെതിരെ തൃശൂര്‍ വിജിലന്‍സ് കോടതി നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കേസില്‍ ജയസൂര്യയെ മൂന്നാം പ്രതിയാക്കി കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. കേസില്‍ കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി ഒന്നാം പ്രതിയും ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ രണ്ടാം പ്രതിയുമാണ്.