ആശുപത്രി കതിര്‍മണ്ഡപമായി; ക്യാന്‍സര്‍ രോഗിയുടെ അവസാന ആഗ്രഹം സഫലമായി

single-img
4 April 2018

ക്യാന്‍സര്‍ രോഗിയായ അമ്മയ്ക്ക് മകളുടെ കല്യാണം കാണാന്‍ ആശുപത്രി കതിര്‍മണ്ഡപമാക്കി. പാറ്റ്‌നയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആണ് ഒരു അമ്മയുടെ അന്ത്യാഭിലാഷം നിറവേറ്റിക്കൊടുത്ത് ആതുരാലയങ്ങള്‍ക്ക് മാതൃകയായിരിക്കുന്നത്. ഐസിയുവിന് പുറത്തായിരുന്നു വിവാഹവേദിയൊരുക്കിയത്.

ഏപ്രില്‍ 18നായിരുന്നു യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനിടെ അമ്മയുടെ ആരോഗ്യനില വഷളായി. തുടര്‍ന്ന് ഡോക്ടറുടെ സമ്മതപ്രകാരം വിവാഹം തിങ്കളാഴ്ച നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഐസിയുവിന് പുറത്ത് ഒരു മുറിയില്‍ വച്ചായിരുന്നു കല്യാണം.

വിവാഹം കഴിഞ്ഞതോടെ അമ്മയെ ഉടന്‍ തന്നെ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. വരനും വധുവും ക്ഷേത്രത്തിലേക്കും പോയി. തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിച്ച ഈ രോഗിയെ മുംബൈ ടാറ്റാ മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നും പതിനഞ്ച് ദിവസം മുന്‍പാണ് എയിംസിലേക്ക് മാറ്റിയത്. ശ്വാസകോശം, കരള്‍, അഡ്രിനാല്‍ ഗ്രന്ഥികള്‍ എന്നിവയേയും ക്യാന്‍സര്‍ ബാധിച്ചിരുന്നു.