ബിജെപി നേതാവ് വിവി രാജേഷ് സിപിഐയിലേക്കെന്ന് ‘മംഗളം’; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രാജേഷ്

single-img
3 April 2018

നടപടി നേരിട്ട ബി.ജെ.പി. നേതാവ് വി.വി. രാജേഷ് സി.പി.ഐയിലേക്കെന്നു സൂചന. മുന്‍ ബി.ജെ.പിക്കാരനെ നേതാവാക്കി തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ കെട്ടിയിറക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് സി.പി.ഐയിലെ ഒരു വിഭാഗം രംഗത്തെത്തി. നെടുമങ്ങാട്ടെ മുന്‍ സി.പി.ഐ. നേതാവിന്റെ മകനാണു രാജേഷ്. ഈ ബന്ധത്തിലൂടെ സി.പി.ഐയില്‍ ചേക്കേറാന്‍ രാജേഷ് ശ്രമിക്കുന്നെന്നാണ് ഇവരുടെ ആരോപണം.

മെഡിക്കല്‍ കോളേജ് കോഴ അന്വേഷണ വാര്‍ത്ത ചോര്‍ന്നതിന്റെ പേരിലാണ് ബി.ജെ.പി. വക്താവായിരുന്ന വി.വി. രാജേഷിനെ പുറത്താക്കിയത്. വി. മുരളീധരന്‍ വിഭാഗത്തിന്റെ പ്രമുഖ നേതാവായിരുന്നു വി.വി. രാജേഷ്. പാര്‍ട്ടിയിലെ എതിര്‍വിഭാഗത്തെ അഴിമതിക്കേസില്‍ കുടുക്കാനായി രാജേഷ് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ഒരു ടിവി ചാനലിനു ചോര്‍ത്തിക്കൊടുത്തെന്നായിരുന്നു ആരോപണം. എം.ടി. രമേശിനെ ലക്ഷ്യംവച്ചുകൊണ്ടായിരുന്നത്രേ ഈ നീക്കം. ബി.ജെ.പി. കേന്ദ്ര നേതൃത്വം ഇടപെട്ടാണ് രാജേഷിനെ പുറത്താക്കിയത്.

നേരത്തെ എസ്.എഫ്.ഐക്കാരനായിരുന്ന വി.വി. രാജേഷ് എം.ജി. കോളേജില്‍ പഠിക്കുമ്പോള്‍ എ.ബി.വി.പിയില്‍ ചേരുകയായിരുന്നെന്ന് രാജേഷിന്റെ വരവിനെ എതിര്‍ക്കുന്നവര്‍ പറയുന്നു. 2011ല്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ച രാജേഷ് നാമനിര്‍ദേശപത്രികയില്‍ വെളിപ്പെടുത്തിയ സ്വത്ത് ഇരുപത്തി ഏഴരലക്ഷം രൂപയും കടം അഞ്ചു ലക്ഷം രൂപയുമായിരുന്നു. 2016 ല്‍ നെടുമങ്ങാട്ട് മത്സരിച്ചപ്പോള്‍ സ്വത്ത് ഒരു കോടി രൂപയും കടം പൂജ്യവുമായി. ഈ തെളിവും സി.പി.ഐയിലെ എതിര്‍ വിഭാഗം ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

മംഗലാപുരത്ത് പെട്രോള്‍ പമ്പുണ്ടെന്നും ബിയര്‍ ടിന്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയുണ്ടെന്നും ഇക്കൂട്ടര്‍ ആരോപിക്കുന്നു. ഏതു വിധേനയും രാജേഷിന്റെ സി.പി.ഐ. പ്രവേശനം തടയാനാണ് ഇവരുടെ ശ്രമം. ബി.ജെ.പിയില്‍ തിരിച്ചെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് രാജേഷ് പുതിയ നീക്കം ആരംഭിച്ചതെന്നും ഇക്കൂട്ടര്‍ പറയുന്നു.

കഴിഞ്ഞ ദിവസം മംഗളം പത്രത്തില്‍ വന്ന വാര്‍ത്തയാണിത്.

മംഗളം ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയതിനു പിന്നാലെ രാജേഷ് ഇതിനെതിരെ രംഗത്തെത്തി. എനിക്കെതിരെ വന്ന വാര്‍ത്തയില്‍ പറയുന്നതെല്ലാം തെറ്റായ കാര്യങ്ങളാണ്. വാര്‍ത്ത വന്ന ദിവസം തന്നെ പത്രത്തിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചുവെന്നും രാജേഷ് പറഞ്ഞു.

സിപിഐയിലേക്ക് പോകാനുള്ള ചിന്ത ഇല്ല. മുപ്പത് ദിവസത്തിനകം നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് മംഗളത്തിന് വക്കീല്‍ നോട്ടീസ് അയച്ചത്. ഒരു കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതെന്നും വി വി രാജേഷ് പറഞ്ഞു. കൃത്യസമയത്ത് തുക ലഭിച്ചില്ലെങ്കില്‍ കോടതിയില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്യും.

അപവാദ പ്രചരണങ്ങള്‍ക്കെതിരെ കേസുമായി മുന്നോട്ട് പോകാന്‍ എനിക്ക് ബിജെപി പൂര്‍ണമായ സ്വാതന്ത്ര്യവും പിന്തുണയും നല്‍കുന്നുണ്ട്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായി സംസാരിച്ചാണ് ഇപ്പോള്‍ കേസ് കൊടുത്തതെന്ന് രാജേഷ് വ്യക്തമാക്കി.