വയനാട് മിച്ചഭൂമി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു: വിജയന്‍ ചെറുകരയെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തുമെന്ന് സി.പി.ഐ

single-img
3 April 2018

തിരുവനന്തപുരം: വയനാട് മിച്ചഭൂമി തട്ടിപ്പില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ അന്വേഷണം പ്രഖ്യാപിക്കുന്നതായി അറിയിച്ചത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും മറയ്ക്കാനില്ല. അഴിമതി സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ല.

സര്‍ക്കാര്‍ തലത്തിലോ മന്ത്രി തലത്തിലോ അഴിമതി നടന്നിട്ടില്ല. സര്‍ക്കാരില്‍ രണ്ടു തരം ഉദ്യോഗസ്ഥരുണ്ട്. അവരില്‍ ചിലര്‍ കൈക്കൂലിക്കാരാണ്. എന്നാല്‍ ഭൂരിപക്ഷവും നല്ലരീതിയില്‍ ജോലി ചെയ്യുന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും സഭയില്‍ അറിയിച്ചു.

അതേസമയം, മിച്ചഭൂമി വിഷയത്തില്‍ ചാനല്‍ ഒളിക്യാമറയില്‍ കുടുങ്ങിയ വിജയന്‍ ചെറുകരയെ സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ തീരുമാനം. കെ.രാജന്‍ എം.എല്‍.എക്ക് താത്കാലിക ചുമതല നല്‍കും. ഇന്ന് ചേരുന്ന ജില്ലാ എക്‌സിക്യൂട്ടീവില്‍ തീരുമാനം പ്രഖ്യാപിക്കും.

വയനാട് ഡെപ്യൂട്ടി കലക്ടര്‍ ടി.സോമനാഥനും സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയും ഉള്‍പ്പെടുന്ന സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് മാധ്യമറിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്നലെ ഭൂമി തട്ടിപ്പ് വിവരം പുറത്തുവന്നയുടന്‍ വയനാട് ഡെപ്യൂട്ടി കലക്ടറെ സസ്‌പെന്റു ചെയ്തിരുന്നു. സുല്‍ത്താന്‍ ബത്തേരിയിലെ മിച്ചഭൂമി മറിച്ചുനില്‍ക്കാനുള്ള ഉദ്യോഗസ്ഥരാഷ്ട്രീയ ലോബിയുടെ നീക്കമാണ് പുറത്തുവന്നത്.