കാവേരി പ്രശ്‌നത്തില്‍ തമിഴ്‌നാട്ടില്‍ പ്രക്ഷോഭം ശക്തമാകുന്നു: കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രിയുടെ ഉപവാസം

single-img
3 April 2018

Support Evartha to Save Independent journalism

കാവേരി വിഷയവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രക്ഷോഭം ശക്തമാകുന്നു. കാവേരി മാനേജ്‌മെന്റ് ബോര്‍ഡും (സിഎംബി) കാവേരി വാട്ടര്‍ റഗുലേറ്ററി കമ്മിറ്റിയും രൂപീകരിക്കണമെന്ന ആവശ്യമുന്നയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും നിരാഹാരസത്യഗ്രഹം ആരംഭിച്ചു.

നിരാഹാര സമരം നടത്തുന്നവരില്‍ മുഖ്യമന്ത്രിയുടേയും ഉപമുഖ്യമന്ത്രിയുടേയും പേര് നേരത്തേ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ രാവിലെ 8.15ന് ചെപ്പോക്കിലെ പന്തലില്‍ ഇരുവരുമാണ് ആദ്യമെത്തിയത്. ഇത് അണികളില്‍ ആവേശമുണ്ടാക്കി. സംസ്ഥാനമാകെ സമരം ഏറ്റെടുത്തതോടെ ഭരണ കക്ഷികളും പ്രതിപക്ഷ കക്ഷികളും പ്രക്ഷോഭ പരിപാടികളുമായി രംഗത്തെത്തി.

ജില്ലാ കേന്ദ്രങ്ങളില്‍ അണ്ണാ ഡിഎംകെ മന്ത്രിമാരുടെ നേതൃത്വത്തില്‍ നിരാഹാര സമരം നടക്കുകയാണ്. കേന്ദ്രത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കടകള്‍ അടച്ചിടാന്‍ ആഹ്വാനമുണ്ട്. വിവിധ കര്‍ഷക സംഘടനകള്‍ റെയില്‍ റോഡ് തടയല്‍ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.

മറീന ബീച്ചില്‍ മിന്നല്‍ സമരം നടത്തിയ അന്‍പതോളംപേരെ അറസ്റ്റ് ചെയ്തു നീക്കി. തമിഴ്‌നാട്ടില്‍ അഞ്ചിനു പ്രതിപക്ഷം ബന്ദ് പ്രഖ്യാപിച്ചു. കാവേരി നദീതട പ്രദേശത്തു കാവേരി അവകാശ സംരക്ഷണ യാത്ര നടത്തും. തമിഴ്‌നാട് സന്ദര്‍ശിക്കുന്ന കേന്ദ്രമന്ത്രിമാരെ കരിങ്കൊടി കാട്ടാനും തീരുമാനിച്ചു.

കര്‍ണാടക തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തിലാണു കേന്ദ്രം ഭരിക്കുന്ന ബിജെപി തന്ത്രപരമായി മൗനം പാലിക്കുന്നതെന്ന് ആരോപണമുണ്ട്. കര്‍ണാടകയില്‍ തിരിച്ചുവരവിനു ശ്രമിക്കുന്ന പാര്‍ട്ടിക്കു കാവേരി പ്രശ്‌നം തിരിച്ചടിയാകരുതെന്നു കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നു.

അതേസമയം, കാവേരി ജല ബോര്‍ഡ് രൂപീകരിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യം ആരോപിച്ചു തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ചര്‍ച്ച നടത്തിയിട്ടും മൂന്നുതവണ കേന്ദ്രത്തിനു കത്തയച്ചിട്ടും നടപടിയുണ്ടായില്ലെന്നും കേന്ദ്രം മനഃപൂര്‍വം ഉത്തരവു ലംഘിച്ചതാണെന്നും വാദിച്ചാണു നടപടി.

മാര്‍ച്ച് 29 നകം കാവേരി മാനേജ്‌മെന്റ് ബോര്‍ഡുമുള്‍പ്പെടെ രൂപീകരിക്കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം. ഈ നിര്‍ദേശം അട്ടിമറിക്കപ്പെടുകയായിരുന്നുവെന്ന് തമിഴ്‌നാട്ടിലെ ജനങ്ങള്‍ കുറ്റപ്പെടുത്തുന്നു.