ദളിത് പ്രക്ഷോഭത്തിലേക്ക് നയിച്ച വിധിക്ക് സ്‌റ്റേയില്ല: നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കാനെന്ന് സുപ്രീം കോടതി

single-img
3 April 2018


ന്യൂഡല്‍ഹി: എസ്.സി, എസ്.ടി നിയമത്തിന്റെ ദുരുപയോഗം തടയാന്‍ സുപ്രീംകോടതി മാര്‍ച്ച് 20ന് ഇറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രം സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജി പരിഗണിച്ച കോടതി 10 ദിവസത്തിന് ശേഷം വിശദമായ വാദം കേള്‍ക്കാനായി മാറ്റിവെച്ചു.

എസ്.സി, എസ്.ടി നിയമത്തില്‍ യാതൊരുമാറ്റവും വരുത്തിയിട്ടില്ല. തെരുവില്‍ പ്രക്ഷോഭം നടത്തുന്നവര്‍ വിധിന്യായം വായിച്ചിട്ട് പോലുമുണ്ടാവില്ലെന്ന് കോടതി വാദത്തിനിടെ അഭിപ്രായപ്പെട്ടു. നിക്ഷിപ്ത താത്പര്യവും ഇക്കാര്യത്തില്‍ ഉണ്ടായിരിക്കാം. നിരപരാധികള്‍ക്ക് സംരക്ഷണം ഒരുക്കുകയാണ് ലക്ഷ്യം.

അല്ലാതെ ചട്ടത്തില്‍ ഒരു ഇളവും വരുത്തിയിട്ടില്ലെന്നും കോടതി പറഞ്ഞു. കേസിലെ കക്ഷികള്‍ക്ക് നിലപാട് അറിയിക്കാന്‍ കോടതി രണ്ട് ദിവസത്തെ സമയം നല്‍കി. മാര്‍ച്ച് 20ന്റെ സുപ്രീംകോടതി വിധി ഭരണഘടനയുടെ 21 ാം വകുപ്പിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സാമൂഹികനീതി മന്ത്രാലയം ഹര്‍ജി നല്‍കിയത്.

ജസ്റ്റീസ് എ.കെ ഗോയല്‍, ജസ്റ്റീസ് യു.യു ലളിത് എന്നിവരുടെ ബെഞ്ചാണ് തുറന്ന കോടതിയില്‍ വാദം കേട്ടത്. എസ്.സി/എസ്.ടി നിയമഭേദഗതിക്ക് മാര്‍ഗനിര്‍ദേശം നല്‍കിയ സുപ്രീം കേടതി വിധിക്കെതിരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായ പ്രക്ഷാഭം തുടരുന്നതിനിടെയാണ് വിധിയില്‍ സ്‌റ്റേ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്.

അതിനിടെ, ദളിത് വിഭാഗങ്ങള്‍ രണ്ടു ദിവസമായി തുടരുന്ന ഭാരത് ബന്ദിലും സംഘര്‍ഷത്തിലും മധ്യപ്രദേശിലും രാജസ്ഥാനിലും ഉത്തര്‍പ്രദേശിലുമായി 12 പേരാണ് കൊല്ലപ്പെട്ടത്. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ നൂറുകണക്കിന് പേര്‍ക്ക് പരുക്കേറ്റു.