ഭാരത് ബന്ദിനിടെ ദളിതര്‍ക്ക് നേരെ വെടിയുതിര്‍ത്തത് ബിജെപി നേതാവ് ?

single-img
3 April 2018

ഭാരത് ബന്ദിനിടെ ഗ്വാളിയറില്‍ ദളിതരുടെ പ്രതിഷേധ പ്രകടനത്തിന് നേരെ വെടിയുതിര്‍ത്തത് ബിജെപി നേതാവാണെന്ന് റിപ്പോര്‍ട്ടുകള്‍. കടുത്ത സംഘപരിവാര്‍ അനുഭാവിയായ രാജാ സിംഗ് ചൗഹനാണ് വെടിയുതിര്‍ത്തതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പ്രതിഷേധ മാര്‍ച്ചിനിടെ ഇയാള്‍ കൈത്തോക്ക് ഉപയോഗിച്ച് വെടിവയ്ക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വീഡിയോ പുറത്തുവിട്ടത്. അതേസമയം, സംഘര്‍ഷത്തിനിടെ മരിച്ചവരുടെ എണ്ണം 12 ആയി.

പട്ടികജാതി/വര്‍ഗ പീഡനനിയമം ദുരുപയോഗപ്പെടുത്തി സത്യസന്ധരായ പൊതുപ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും കേസില്‍ കുടുക്കി ഉടന്‍ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെയായിരുന്നു ദളിതര്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്.

വ്യക്തമായ തെളിവുകളില്ലാത്തതും പ്രത്യക്ഷത്തില്‍തന്നെ നിലനില്‍ക്കുന്നതല്ലെന്നു ബോധ്യമുള്ളതുമായ കേസുകളില്‍ ഉടന്‍ അറസ്റ്റ് നിബന്ധന ബാധകമല്ല. ഇത്തരം കേസുകളില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കരുത്. ഉടന്‍ അറസ്റ്റെന്ന വ്യവസ്ഥ ദുരുപയോഗം ചെയ്ത് ഒട്ടേറെ നിരപരാധികളെ കുടുക്കിയതു ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം ഉത്തര്‍പ്രദേശില്‍ രണ്ടു പേരുടെ മരണത്തിനിടയാക്കിയ ദളിത് പ്രക്ഷോഭത്തിനു പിന്നില്‍ ബിഎസ്പി നേതാവ് മായാവതിയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മീററ്റിലെ ഹസ്തിനപുര്‍ എംഎല്‍എയായ യോഗേഷ് വര്‍മയെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിട്ടുണ്ട്.

കലാപത്തിന്റെ പ്രധാന ആസൂത്രകന്‍ ഇദ്ദേഹമാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മന്‍സില്‍ സൈനിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു. സുപ്രീംകോടതി വിധിക്കെതിരെ ദലിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദിന് മായാവതി പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ദലിത് വിഭാഗക്കാര്‍ നടത്തിയ ഭാരത് ബന്ദില്‍ അഞ്ചു സംസ്ഥാനങ്ങളിലാണ് ആക്രമണം ഉണ്ടായത്. ഉത്തര്‍പ്രദേശിലെ മീററ്റായിരുന്നു പ്രധാന സംഘര്‍ഷമേഖല. മീററ്റിലും മുസഫര്‍പൂരിലുമായി രണ്ടു പേര്‍ മരിച്ചു. നാല്‍പ്പത്തിയഞ്ചോളം പൊലീസുകാര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. 200 റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെ മീററ്റിലേക്കും ആഗ്ര, ഹാപുര്‍ എന്നിവിടങ്ങളലേക്കും അയച്ചിട്ടുണ്ട്.