സംസ്ഥാനത്ത് ഡീസല്‍ വില റെക്കോഡില്‍: ആര്‍ക്കും ഒരു പ്രതിഷേധവുമില്ല

single-img
1 April 2018

തിരുവനന്തപുരം: കേരളത്തില്‍ ഡീസലിന്റെ വില മുമ്പെങ്ങുമില്ലാത്ത തരത്തില്‍ റെക്കോഡിട്ടു. ഇന്ന് 70.08 രൂപയാണ് തിരുവനന്തപുരത്ത് ഡീസലിന്റെ വില. ഇതോടെ ഡീസലും പെട്രോളും തമ്മിലുള്ള വിലവ്യത്യാസം ഏഴ് രൂപ മാത്രമായി. ഇന്നലെ 69.89 ആയിരുന്ന ഡീസല്‍ വിലയാണ് 19പൈസ കൂടി 70ലേക്കെത്തിയത്.

കോഴിക്കോട് ഡീസല്‍ വില 23 പൈസ കൂടി 68.78 ആയി. കൊച്ചിയില്‍ ലിറ്ററിന് 68.94 ആണ് ഇന്നത്തെ ഡീസല്‍ വില. പെട്രോളിന് തലസ്ഥാനത്ത് 18 പൈസ കൂടി ഇന്ന് 77.67 ആയിട്ടുണ്ട്. കോഴിക്കോട് 24 പൈസ കൂടി 76.33 ആയി. കൊച്ചിയില്‍ 74.86 രൂപയായി.

ഇന്ധന വില കുത്തനെ ഉയര്‍ത്തുന്നത് ഓട്ടോ ടാക്‌സിക്കാര്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. ഡീസല്‍ വില കൂടിയതിനെ തുടര്‍ന്ന് പലരും ഉയര്‍ന്ന ചാര്‍ജ്ജ് ഈടാക്കുന്നുണ്ടെന്ന് പരാതിയുണ്ട്. മറ്റ് ജില്ലകളെ അപേക്ഷിച്ച് തിരുവനന്തപുരം ജില്ലയില്‍ ഇന്ധന വില കൂടുതലാണ്. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചര്‍ജ് കൂടുതലായതാണ് ഇവിടെ ഇന്ധന വില ഉയരാന്‍ കാരണം.