കൊല്ലപ്പെട്ട റേഡിയോ ജോക്കി രാജേഷുമായി ബന്ധമുണ്ടായിരുന്നുവെന്ന് ഖത്തറിലെ വീട്ടമ്മ: കൊലയാളി സംഘത്തെ തിരിച്ചറിഞ്ഞു; അന്വേഷണ സംഘം മുംബൈയിലേക്ക്

single-img
30 March 2018

തിരുവനന്തപുരം: റേഡിയോ ജോക്കിയും നാടന്‍ പാട്ട് കലാകാരനുമായ രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം മുംബൈയിലേക്ക് തിരിച്ചു. ക്വട്ടേഷന്‍ സംഘം മുംബൈയിലേക്ക് കടന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് പൊലീസും മുംബൈയിലേക്ക് പോകുന്നത്.

കൊലപാതകവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശികളായ മൂന്നുപേരെ വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. കൊല നടത്തിയ സംഘത്തിന് കാര്‍ ലഭ്യമാക്കിയവരാണ് കസ്റ്റഡിയിലെന്നാണ് വിവരം. കൊല്ലം, ആലപ്പുഴ കേന്ദ്രീകരിച്ചുള്ളവരാണ് അക്രമത്തിന് പിന്നിലെന്ന വിലയിരുത്തലിലാണ് പൊലീസ്.

ഇവര്‍ സഞ്ചരിച്ച കാര്‍ കായംകുളത്ത് നിന്ന് കണ്ടെടുത്തു. വഴിയരുകില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു കാര്‍. അതേസമയം രാജേഷുമായി ബന്ധമുണ്ടായിരുന്നുവെന്ന് വിദേശത്തെ സ്ത്രീ പൊലീസിനോട് സമ്മതിക്കുകയും ചെയ്തു. കൊല്ലപ്പെട്ട സമയത്ത് വിദേശത്തുള്ള ഈ സ്ത്രീയുമായി രാജേഷ് ഫോണ്‍ വിളിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.

നേരത്തേ, വിദേശത്തായിരുന്ന രാജേഷിന് ഈ സ്ത്രീയുമായി സൗഹൃദം ഉണ്ടായിരുന്നതായും നാട്ടിലെത്തിയ ശേഷവും സൗഹൃദവും ഫോണ്‍ വിളിയും തുടര്‍ന്നതായും വിവരമുണ്ട്. സ്ത്രീയുടെ ബന്ധുക്കളില്‍ ആരെങ്കിലും നല്‍കിയ ക്വേട്ടഷനാകാം കൊലപാതകത്തിന് പിന്നിലെന്ന സംശയവുമുണ്ട്.

രാജേഷിന്റെ മൊബൈല്‍ഫോണും വാട്‌സ്ആപ് സന്ദേശങ്ങളുമെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്. മടവൂര്‍ തുമ്പോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നൊസ്റ്റാള്‍ജിയ നാടന്‍ പാട്ട് ട്രൂപ്പിലെ ഗായകന്‍, മടവൂര്‍ പടിഞ്ഞാറ്റേല ആശാഭവനില്‍ രാധാകൃഷ്ണക്കുറുപ്പിന്റെയും വസന്തയുടെയും മകന്‍ രാജേഷിനെയാണ് ചൊവ്വാഴ്ച പുലര്‍ച്ച അജ്ഞാതസംഘം ദാരുണമായി കൊലപ്പെടുത്തിയത്.

നാവായിക്കുളം മുല്ലനെല്ലൂര്‍ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്ന് കലാപരിപാടി കഴിഞ്ഞെത്തിയ രാജേഷ്, സുഹൃത്തായ വെള്ളല്ലൂര്‍ തേവലക്കാട് തില്ല വിലാസത്തില്‍ കുട്ടന്‍ എന്നിവരാണ് ആക്രമണത്തിനിരയായത്. കുട്ടന്‍ സാരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.