തിരിച്ചടിക്കാനായി ഒരു വിരല്‍ പോലും ഉയര്‍ത്തരുത്; ഇനിയും കൂടുതല്‍ കുടുംബങ്ങള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടാന്‍ പാടില്ല: രാമനവമി സംഘര്‍ഷത്തില്‍ മകനെ നഷ്ടമായ ഇമാമിന്റെ വാക്കുകള്‍

single-img
30 March 2018

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി ആര്‍എസ്എസ് നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച രാമനവമി ആഘോഷം വര്‍ഗീയ സംഘര്‍ഷത്തിന്റെ വക്കിലാണ് എത്തിനില്‍ക്കുന്നത്. ബംഗാളിലെ ഹിന്ദുക്കളെ ഏകീകരിക്കാനുള്ള ആദ്യ നീക്കമെന്ന വിശേഷണത്തോടെ ബിജെപി സംസ്ഥാന ഘടകം നടത്തിയ റാലി സംസ്ഥാനത്തെ ക്രമസമാധാന നില തന്നെ താറുമാറാക്കി.

ആഘോഷത്തിന്റെ മറവില്‍ വ്യാപക അക്രമങ്ങളാണുണ്ടായത്. അഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അസന്‍സോള്‍ മസ്ജിദിലെ ഇമാം മൗലാന ഇന്ദദുള്‍ റാഷിദിയുടെ മകനും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു സിന്‍സുള്ള റാഷിദിയെ ചെവ്വാഴ്ച മുതല്‍ കാണാതാവുകയായിരുന്നു.

അന്വേഷണത്തില്‍ അക്രമി സംഘം പിടിച്ചുകൊണ്ടുപോയതാണെന്ന് വ്യക്തമായി. പിന്നീട് നടത്തിയ തിരിച്ചിലിനിടെ ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ആയിരക്കണക്കിന് ആളുകള്‍ ഈദ്ഗാഹ് മൈതാനത്ത് സംഘടിച്ചു. ഈ കൊടും ക്രൂരതയ്ക്ക് പകരം വീട്ടണമെന്നായിരുന്നു ആളുകള്‍ ഒന്നടങ്കം പറഞ്ഞത്. എന്നാല്‍ മകന്‍ നഷ്ടമായതിന്റെ വേദനയിലും ഇമാം ആള്‍ക്കൂട്ടത്തെ സമാധാനിപ്പിക്കുകയാണ് ചെയ്തത്.

‘തനിക്ക് സമാധാനമാണു വേണ്ടത്. എന്റെ കുട്ടിയുടെ ജീവന്‍ അവരെടുത്തു. ഇനിയും കൂടുതല്‍ കുടുംബങ്ങള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കൂടുതല്‍ വീടുകള്‍ കത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഏതെങ്കിലും തരത്തിലുള്ള പ്രതികാരം നടത്തിയാല്‍ താന്‍ അസന്‍സോളും പള്ളിയും ഉപേക്ഷിച്ച് പോകും.

നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ തിരിച്ചടിക്കാനായി ഒരു വിരല്‍ പോലും ഉയര്‍ത്തരുത്. കഴിഞ്ഞ 30 വര്‍ഷമായി ഞാന്‍ ഒരു ഇമാമാണ്. ജനങ്ങള്‍ക്ക് ശരിയായ സന്ദേശം നല്‍കേണ്ടത് പ്രധാനമാണ്’ – ഇമാം റാഷിദി പറഞ്ഞു. കോപാകുലരായിരുന്ന നാട്ടുകാര്‍ ഇതോടെ ശാന്തരായി.

ഇമാമിന്റെ ഈ നിലപാടിനെ രാഷ്ട്രീയ നേതാക്കള്‍ വാനോളം പുകഴ്ത്തി. ‘ഞങ്ങള്‍ അദ്ദേഹത്തെയോര്‍ത്ത് അഭിമാനിക്കുന്നു. ഒരു മകന്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വേദന അനുഭവിക്കുന്നുണ്ടെങ്കിലും അദ്ദേഹം സമാധാനത്തിന് വേണ്ടി അപേക്ഷിച്ചുവെന്നായിരുന്നു ‘അസന്‍സോള്‍ മേയര്‍ ജിതേന്ദ്ര തിവാരിയുടെ പ്രതികരണം

‘മകനെ നഷ്ടപ്പെട്ട ഒരു പിതാവില്‍ നിന്ന് ഞങ്ങള്‍ ഇത് പ്രതീക്ഷിച്ചിരുന്നില്ല. ബംഗാളിനു മാത്രമല്ല രാജ്യത്തിനു തന്നെ ഇതൊരു ഉദാഹരണമാണ്. പ്രസംഗം കഴിഞ്ഞപ്പോഴേക്കും അക്രമാസക്തരായി വന്ന ആളുകള്‍ പോലും ശാന്തരായി കരയാന്‍ തുടങ്ങിയെന്നും’ അക്രമമുണ്ടായ അസന്‍സോളിലെ വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു.