മമ്മൂട്ടിയുടെ നായികയായി അനുഷ്‌ക ഷെട്ടി മലയാളത്തിലേക്ക്

single-img
30 March 2018

ബാഹുബലി, രുദ്രമാദേവി, അരുന്ധതി, ബാഗമതി തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തന്റെ അഭിനയപാടവം തെളിയിച്ച അനുഷ്‌ക ഷെട്ടി മലയാളസിനിമയില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നു. തെന്നിന്ത്യന്‍ സിനിമയിലെ ലേഡീ സൂപ്പര്‍സ്റ്റാറായി അറിയപ്പെടുന്ന താരമാണ് അനുഷ്‌ക.

ബാഹുബലിയിലൂടെ എല്ലാ പ്രമുഖ ഭാഷകളിലും വന്‍ ആരാധകവൃന്ദത്തെ സൃഷ്ടിച്ച അനുഷ്‌ക മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി മലയാളത്തില്‍ അരങ്ങേറാന്‍ ഒരുങ്ങുന്നതായാണ് ഏറ്റവും പുതിയ വാര്‍ത്ത. പരോളിന് ശേഷം ശരത് സന്ദിത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിലൂടെയാകും അനുഷ്‌ക്കയുടെ മലയാളത്തിലെ അരങ്ങേറ്റം.

സംവിധായകന്‍ ശരത് സന്ദിത് തന്നെയാണ് ഒരഭിമുഖത്തില്‍ ഇത് വെളിപ്പെടുത്തിയത്. പരോളിന് മുന്‍പ് തീരുമാനിച്ചിരുന്ന സിനിമ ഇതായിരുന്നുവെന്നും, എന്നാല്‍ അനുഷ്‌ക്കയടക്കമുള്ള താരങ്ങളുടെ ഡേറ്റ് കൃത്യമായി ലഭിക്കാതിരുന്നത് കൊണ്ടാണ് ചിത്രം മാറ്റിവെയ്‌ക്കേണ്ടി വന്നതെന്നും ശരത് വ്യക്തമാക്കി.

അന്യഭാഷകളില്‍ സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങിയ അനുഷ്‌ക കേവലം ഗ്ലാമര്‍ വേഷങ്ങള്‍ക്കപ്പുറം അഭിനയമികവ് കൊണ്ടും സിനിമാസ്വാദകരെ വിസ്മയിപ്പിച്ച അഭിനേത്രിയാണ്. അത് കൊണ്ട് തന്നെയാണ് അനുഷ്‌ക്കയെ പ്രധാന കഥാപാത്രമാക്കി അരുന്ധതി പോലെയുള്ള ചിത്രങ്ങള്‍ പുറത്തിറങ്ങിയതും വിജയങ്ങളായതും. എന്തായാലും മമ്മൂട്ടിയോടൊപ്പമുള്ള അനുഷ്‌ക്കയുടെ അരങ്ങേറ്റ ചിത്രത്തിന് കാത്തിരിക്കുകയാണ് ആരാധകര്‍.