മോദി സര്‍ക്കാര്‍ തന്നെപ്പോലുള്ള മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്നു: ബി.ജെ.പി വിടുമെന്ന സൂചന നല്‍കി ശത്രുഖ്‌നന്‍ സിന്‍ഹ

single-img
29 March 2018

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം തന്നെപ്പോലുള്ള മുതിര്‍ന്ന നേതാക്കളെ അവഗണിക്കുകയാണെന്ന് ബി.ജെ.പി നേതാവ് ശത്രുഖ്‌നന്‍ സിന്‍ഹ. കേന്ദ്ര സര്‍ക്കാര്‍ അധികാരത്തിലേറിയ സമയം മുതലുള്ള കാര്യങ്ങള്‍ തന്നെ വേദനിപ്പിക്കുന്നുണ്ട്. ലാല്‍ കൃഷ്ണ അദ്വാനി അടക്കമുള്ള നേതാക്കന്മാരെ പാര്‍ട്ടിയില്‍ അവഗണിക്കുകയാണെന്നും സിന്‍ഹ ആരോപിച്ചു.

2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മറ്റ് പാര്‍ട്ടികള്‍ തന്നെ ക്ഷണിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ബി.ജെ.പിയുടെ ടിക്കറ്റിലോ മറ്റ് പാര്‍ട്ടികളുടെ പിന്തുണയോടെയോ അല്ലെങ്കില്‍ സ്വതന്ത്രനായോ മത്സരിക്കുന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല.

മത്സരിക്കുകയാണെങ്കില്‍ ബീഹാറിലെ തന്റെ മണ്ഡലമായ പാറ്റ്‌നാ സാഹിബ് വിട്ട് മറ്റൊരിടത്ത് മത്സരിക്കില്ലെന്നും മുന്‍ ബോളിവുഡ് നടന്‍ കൂടിയായ അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ ദിവസം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.