ഇവിടെ മല്യയെ ‘ഇപ്പോ തിരിച്ചെത്തിക്കാം’ എന്നു പറഞ്ഞ് മോദി സര്‍ക്കാര്‍; അവിടെ ലണ്ടനില്‍ മൂന്നാംകെട്ടിനുള്ള തിരക്കില്‍ വിജയ് മല്യ

single-img
29 March 2018

ന്യൂഡല്‍ഹി: 9000 കോടി ബാങ്ക് വായ്പ തിരിച്ചടയ്ക്കാതെ രാജ്യംവിട്ട മദ്യരാജാവ് വിജയ് മല്യ വീണ്ടും വിവാഹിതനാകുന്നു. പിങ്കി ലല്‍വാനിയെയാണ് മല്യ വിവാഹം ചെയ്യുന്നത്. 62കാരനായ മല്യയുടെ മൂന്നാമതു വിവാഹമാണിത്. മല്യയുടെ വിമാനകമ്പനിയില്‍ എയര്‍ഹോസ്റ്റസായിരുന്നു പിങ്കി.

ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മല്യ ഹാജരായപ്പോള്‍ പിങ്കിയുമുണ്ടായിരുന്നു. 2011 ലാണ് പിങ്കി മല്യയുടെ എയര്‍ലൈന്‍സിലെത്തുന്നത്. പിന്നീടങ്ങോട്ട് നിരവധി പൊതുപരിപാടികളില്‍ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. കടബാധ്യത മൂലം മല്യ രാജ്യംവിട്ടപ്പോഴും പിങ്കി ഉറച്ച പിന്തുണയാണ് മല്യക്ക് നല്‍കിപ്പോന്നിരുന്നത്.

മല്യയുടെ ആദ്യ ഭാര്യയും എയര്‍ഹോസ്റ്റസായിരുന്നു. എയര്‍ ഇന്ത്യയിലെ ജീവനക്കാരിയായ സമീറ ത്യാബ്ജിയായിരുന്നു മല്യയുടെ ആദ്യ ഭാര്യ. ഈ ബന്ധം പിരിഞ്ഞ ശേഷം ബാല്യകാല സുഹൃത്ത് രേഖയെയും മല്യ വിവാഹം ചെയ്തു. നിയമപ്രകാരം രേഖയുമായുള്ള ബന്ധം ഇതുവരെയും മല്യ മോചിപ്പിച്ചിട്ടില്ല.

രണ്ടു വിവാഹങ്ങളില്‍ നിന്നായി മൂന്നു മക്കളുമുണ്ട് മല്യക്ക്. ഇന്ത്യയിലെ 17 ബാങ്കുകളില്‍ നിന്നു 7000 കോടി രൂപ വായ്പയെടുത്ത മല്യ പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാതെയാണ് ബ്രിട്ടനിലേക്കു കടന്നത്. ഈ കേസില്‍ 2016 ജൂണില്‍ മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.