നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെട്ടത് ദിലീപ്; തെളിവ് നല്‍കാമെന്ന് പ്രതികളിലൊരാള്‍

single-img
29 March 2018

യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ നടന്‍ ദിലീപിനെതിരായ തെളിവുകള്‍ അന്വേഷണസംഘത്തിനു കൈമാറാമെന്ന് റിമാന്‍ഡ് പ്രതികളില്‍ ഒരാള്‍ അറിയിച്ചു. കുറ്റകൃത്യത്തിനു മുന്നോടിയായി കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പൊലീസിനു കൈമാറാമെന്നാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ഒരു പ്രതി അടുത്ത ബന്ധു മുഖേന സൂചിപ്പിച്ചത്.

തെളിവുകള്‍ കൈമാറുന്നതിനു പുറമെ കോടതിയെ ഇക്കാര്യം നേരിട്ടു ബോധിപ്പിക്കാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. പ്രതിയുടെ വെളിപ്പെടുത്തലില്‍ അന്വേഷണ സംഘം നിയമോപദേശം തേടിയെന്നാണ് സൂചനകള്‍. കുറ്റപത്രം സമര്‍പ്പിച്ച ശേഷം പ്രതിപ്പട്ടികയിലുള്ളയാളെ മാപ്പു സാക്ഷിയാക്കുന്ന പതിവില്ലാത്തതു കൊണ്ടാണ് പ്രതികളിലൊരാളുടെ കൂറുമാറ്റത്തില്‍ അന്വേഷണ സംഘം നിയമോപദേശം തേടുന്നത്.

പ്രോസിക്യൂഷന്റെ തന്ത്രമായാണ് ആദ്യം ഈ നീക്കത്തെ പൊലീസ് കണ്ടത്. പിന്നീട് പ്രതി കൈമാറിയ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം നിയമോപദേശം തേടുന്നതെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ, നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കിയത് മഞ്ജു വാര്യരും ശ്രീകുമാര്‍ മേനോനും രമ്യാ നമ്പീശനും സംവിധായകന്‍ ലാലും ചേര്‍ന്നാണെന്ന് രണ്ടാംപ്രതി മാര്‍ട്ടിന്‍ പറഞ്ഞിരുന്നു.

ദിലീപിനെ കുടുക്കാന്‍ ഇവര്‍ ഒരുക്കിയ കെണിയാണ് കേസെന്നും മാര്‍ട്ടിന്‍ പറഞ്ഞു. വിചാരണയ്ക്കായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാര്‍ട്ടിന്‍. താനുള്‍പ്പെടെയുള്ള നിരപരാധികളെ ചതിച്ചതിന് മഞ്ജു വാര്യര്‍ക്ക് ലഭിച്ച പ്രതിഫലമാണ് മുംബൈയിലെ ഫഌറ്റും ഒടിയനിലെ വേഷവുമെന്നും മാര്‍ട്ടിന്‍ പറഞ്ഞു. കോടതിയില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നും മാര്‍ട്ടിന്‍ പറഞ്ഞു.