ഇനി താജ്മഹല്‍ സന്ദര്‍ശനം മൂന്ന് മണിക്കൂര്‍ മാത്രം

single-img
28 March 2018

Donate to evartha to support Independent journalism

ന്യൂഡല്‍ഹി: ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലില്‍ ഇനി സന്ദര്‍ശകര്‍ക്ക് മൂന്ന് മണിക്കൂര്‍ മാത്രമെ ചിലവഴിക്കാന്‍ പറ്റൂ. ഏപ്രില്‍ മുതല്‍ ഇത് നിലവില്‍വരുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. താജ്മഹല്‍ സന്ദര്‍ശിക്കുന്നതിന് പ്രതിദിനം അമ്പതിനായിരം പേരാണ് ഇപ്പോള്‍ എത്തുന്നത്.

കൂടിയ സന്ദര്‍ശകരെ ഉള്‍ക്കൊള്ളാന്‍ തക്കവിധം ഇടമില്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് പലപ്പോഴും ഉള്ളത്. സന്ദര്‍ശകരെ നിയന്ത്രിക്കുന്നതിന് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യവും പലപ്പോഴും ഉണ്ടാകാറുണ്ട്. പലരും ദീര്‍ഘനേരം താജ്മഹലില്‍ ചിലവഴിക്കുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നു.

ഈ സാഹചര്യത്തിലാണ് സന്ദര്‍ശന സമയത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ പറയുന്നു. താജ്മഹല്‍ സന്ദര്‍ശനത്തിനുള്ള പ്രവേശന ടിക്കറ്റിന് ഇനി മൂന്നു മണിക്കൂര്‍ മാത്രമേ സാധുതയുണ്ടായിരിക്കൂ. കൂടുതല്‍ സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രത്യേക ചാര്‍ജ് നല്‍കണം. ഇത് എല്ലാ സന്ദര്‍ശകര്‍ക്കും ബാധകമായിരിക്കും. ഓരോ ടിക്കറ്റിലും പ്രവേശന സമയം രേഖപ്പെടുത്തിയിരിക്കും. ഇത് പരിശോധിക്കുന്നതിന് പ്രത്യേക ജീവനക്കാരെയും ഏര്‍പ്പെടുത്തും.