തിരുവനന്തപുരത്തെ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകം: വീട്ടമ്മയുടെ ഭര്‍ത്താവിന്റെ ക്വട്ടേഷന്‍…?

single-img
28 March 2018

തിരുവനന്തപുരം മടവുരില്‍ മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്ന് സ്ഥീരീകരിച്ച് പൊലീസ്. കൊലനടത്തിയവര്‍ ഉപയോഗിച്ച ചുവന്ന സിഫ്റ്റ് കാര്‍ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി അന്വേഷണ സംഘം വ്യക്തമാക്കി.

കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസിന് ചില നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്. കൊല്ലം സ്വദേശിനിയായ വീട്ടമ്മയുമായി രാജേഷിന് ഉണ്ടായിരുന്ന അടുപ്പത്തെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍സംഘമാണ് കൃത്യം നിര്‍വഹിച്ചതെന്നാണ് നാട്ടില്‍ പ്രചരിക്കുന്ന അഭ്യൂഹം.

പോലീസിന് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍, അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പ്രതികളെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല. രാജേഷിന്റെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുള്ള വിവരങ്ങളും വാട്‌സാപ് സന്ദേശങ്ങളും സൈബര്‍ സെല്‍ പരിശോധിച്ചുവരുകയാണ്.

ഇതിനിടെ, രാജേഷിനൊപ്പം വെട്ടേറ്റ സുഹൃത്ത് കുട്ടനില്‍നിന്ന് പോലീസ് ആശുപത്രിയിലെത്തി മൊഴി ശേഖരിച്ചു. കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം റൂറല്‍ എസ്പി അശോക് കുമാര്‍, ആറ്റിങ്ങല്‍ ഡിവൈഎസ്പി അനില്‍കുമാര്‍, കിളിമാനൂര്‍ സിഐ പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം മടവൂരില്‍ ക്യാമ്പ് ചെയ്യുകയാണ്. വിരലടയാള വിദഗ്ധരും ശാസ്ത്രീയ കുറ്റാന്വേഷണ വിദഗ്ധരും ഡോഗ് സ്‌ക്വാഡും തെളിവെടുപ്പ് നടത്തി.

കിളിമാനൂര്‍ മടവൂരിലെ ‘നൊസ്റ്റാള്‍ജിയ’ നാടന്‍പാട്ട് സംഘാംഗവും ഗാന സംവിധായകനുമാണ് രാജേഷ്. മടവൂര്‍ ജംഗ്ഷനില്‍ സ്വന്തം ഉടമസ്ഥതയിലുള്ള മെട്രാസ് റിക്കോര്‍ഡിങ് സ്റ്റുഡിയോയിലാണു രാജേഷ് കൊല്ലപ്പെട്ടത്. കയ്യിലും കാലിലുമായി പതിനഞ്ചു വെട്ടുകളാണ് ഉണ്ടായിരുന്നത്. രക്തം വാര്‍ന്നാണു മരണം.

തിങ്കളാഴ്ച രാത്രിയില്‍ നാവായിക്കുളം മുല്ലനല്ലൂര്‍ നാഗരുകാവ് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സംഘത്തിനു നാടന്‍പാട്ടുണ്ടായിരുന്നു. പരിപാടിക്കുശേഷം രണ്ടു ബൈക്കുകളിലാണു രാജേഷും കുട്ടനും മടവൂരില്‍ എത്തിയത്. സ്റ്റുഡിയോ തുറന്ന് അല്‍പം കഴിഞ്ഞപ്പോള്‍ രാജേഷ് വീട്ടില്‍ പോയി ഭക്ഷണവുമായി എത്തി, ഇരുവരും ചേര്‍ന്ന് അതു കഴിച്ചെന്നു കുട്ടന്‍ മൊഴി നല്‍കി.

ഗള്‍ഫിലുള്ള യുവതിയുമായി രാജേഷ് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണമെന്നു പൊലീസ് പറഞ്ഞു. ഈ സ്ത്രീ ഉടന്‍ നാട്ടിലുള്ള സുഹൃത്തിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് അദ്ദേഹമാണു പൊലീസിനെ വിവരമറിയിച്ചത്.