മലപ്പുറത്ത് കോഴിക്കാഷ്ടത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി

single-img
28 March 2018

മലപ്പുറം: കൊണ്ടോട്ടിയില്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച സ്‌ഫോടകവസ്തുക്കള്‍ പിടികൂടി. ചാക്കില്‍ കെട്ടിയ കോഴിക്കാഷ്ടത്തിനിടയില്‍ ഒളിപ്പിച്ചാണ് സ്‌ഫോടകവസ്തുക്കള്‍ കടത്തിയത്. മോങ്ങത്തെ ഒരു ഗോഡൗണിലേക്ക് കൊണ്ടുപോവുകയായിരുന്നു ഈ സ്‌ഫോടകവസ്തുക്കള്‍.

തുടര്‍ന്നു നടത്തിയ പരിശോധനയില്‍ മോങ്ങത്തെ ഗോഡൗണില്‍നിന്നും വലിയ സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തി. സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയിലായിട്ടുണ്ട്. പതിനായിരം ഡിറ്റണേറ്ററുകള്‍, 10 പത്തു ടണ്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍, 10 പാക്കറ്റ് ഫ്യൂസ് വയര്‍ എന്നിവയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

എന്നാല്‍, പോലീസ് പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ സ്‌ഫോടകവസ്തുക്കളുടെ കൃത്യമായ കണക്ക് ലഭിക്കൂ. ഗോഡൗണിന്റെ ഉടമ ആരെന്ന കാര്യവും പോലീസ് അന്വേഷിച്ചുവരികയാണ്. ക്വാറികളില്‍ ഉപയോഗിക്കുന്നതിനായി കൊണ്ടുവന്നതാണ് ഈ സ്‌ഫോടകവസ്തുക്കള്‍ എന്നാണ് പോലീസിന്റെ നിഗമനം. രഹസ്യ വിവരത്തെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് കൊണ്ടോട്ടിയില്‍ വെച്ച് ലോറിയില്‍ കടത്തുകയായിരുന്ന സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയത്.