ബിഷപ്പിനെതിരായ ആരോപണം ഗുരുതരമെന്ന് സുപ്രീംകോടതി; സ്റ്റേ തുടരും

single-img
28 March 2018


എറണാകുളം – അങ്കമാലി അതിരൂപത ഭൂമിയിടപാട് വിഷയത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കുന്നതിനുള്ള സ്റ്റേ സുപ്രീം കോടതി നീക്കിയില്ല. ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. അന്വേഷണകാര്യത്തില്‍ ഹൈക്കോടതി തന്നെ തീരുമാനമെടുക്കട്ടെ.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഈ കേസ് ഏപ്രില്‍ മൂന്നിന് പരിഗണിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ ഇടപെടുന്നില്ല എന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി സ്‌റ്റേ നീക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തീര്‍പ്പാക്കിയത്. കേസില്‍ ഹൈക്കോടതി എടുക്കുന്ന തീരുമാനത്തില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് സുപ്രീം കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

ഭൂമി ഇടപാട് കേസില്‍ കര്‍ദിനാളിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. ഈ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഷൈന്‍ വര്‍ഗീസ്, മാര്‍ട്ടിന്‍ പയ്യപ്പള്ളി എന്നിവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആലഞ്ചേരി, വൈദികരായ സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, ജോഷി പുതുവ, ഭൂമിക്കച്ചവടത്തിലെ ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെ കേസെടുക്കാനാണു സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, സാമ്പത്തിക തിരിമറി എന്നീ ഗുരുതര കുറ്റങ്ങള്‍ വ്യക്തമാണെന്നു കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വേണ്ടത്ര വിവരങ്ങള്‍ ലഭിച്ചിട്ടും കേസെടുക്കാതിരുന്ന പൊലീസിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.