ഇത്തരം നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് ഉചിതമല്ല: കേന്ദ്രസര്‍ക്കാരിനെതിരെ ജസ്റ്റിസ് ചെലമേശ്വര്‍

single-img
28 March 2018

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിനെതിരെ സുപ്രീംകോടതി ജസ്റ്റിസ് ചെലമേശ്വര്‍ രംഗത്ത്. സര്‍ക്കാര്‍ ഇടപെടലിനെതിരെ ചെലമേശ്വര്‍ സുപ്രീംകോടതിയിലെ മറ്റ് ജഡ്ജിമാര്‍ക്ക് കത്തുനല്‍കി. കര്‍ണാടകയിലെ സെഷന്‍സ് കോടതി ജഡ്ജിയെ ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്താനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് നല്‍കിയിരുന്നു.

എന്നാല്‍ ഇത് തള്ളിയ കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ മടക്കിയിരുന്നു. ഇത് അംഗീകരിക്കാതെ കൊളീജിയം വീണ്ടും അതേ ശുപാര്‍ശ അയച്ചെങ്കിലും രണ്ടാമതും മടക്കിയക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ഇതിനെതിരെയാണ് സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ക്ക് ജസ്റ്റിസ് ചെലമേശ്വര്‍ കത്തയച്ചിരിക്കുന്നത്.

ഇത്തരം നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് ഉചിതമല്ലെന്നും ഇത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ തന്നെ ഇല്ലാതാക്കുമെന്നും ജഡ്ജിമാര്‍ക്കയച്ച കത്തില്‍ ചെലമേശ്വര്‍ പറയുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് നാല് മുതിര്‍ന്ന ജസ്റ്റിസുമാര്‍ കോടതി നടപടികള്‍ നിര്‍ത്തിവെച്ച് പത്രസമ്മേളനം നടത്തിയത് കോളിളക്കമുണ്ടാക്കിയിരുന്നു. ഈ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് ജസ്റ്റിസ് ചെലമേശ്വറായിരുന്നു.