ഭൂമി ഏറ്റെടുക്കുമ്പോള്‍ ആരാധനാലയങ്ങളും കബര്‍സ്ഥാനുകളും ഒഴിവാക്കുമെന്ന് മന്ത്രി ജി.സുധാകരന്‍: വയല്‍ക്കിളികളെ ഓടിക്കാനല്ല മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയത്

single-img
27 March 2018

തിരുവനന്തപുരം: മലപ്പുറം ജില്ലയില്‍ ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ ആരാധനാലയങ്ങളും കബര്‍സ്ഥാനുകളും ഒഴിവാക്കുമെന്ന് മന്ത്രി ജി.സുധാകരന്‍. ദേശീയപാതയ്ക്കായി മലപ്പുറത്ത് സ്ഥലം ഏറ്റെടുക്കുന്നതുമൂലമുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

അലൈന്‍മെന്റ് മാറ്റാന്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറാണെന്നും മാറ്റിയാല്‍ 32 വീടുകളെ ബാധിക്കുമെന്നും സുധാകരന്‍ സഭയെ അറിയിച്ചു. സമഗ്ര പുനരധിവാസ പാക്കേജാണ് നടപ്പാക്കുന്നത്. വിപണി വിലയുടെ മൂന്നിരട്ടി നഷ്ടപരിഹാരം നല്‍കും. സര്‍വകക്ഷിയോഗം വിളിക്കുന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം കീഴാറ്റൂരിലെ വയല്‍ക്കിളികളെ ഓടിക്കാനല്ല മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയിരിക്കുന്നതെന്നും ജി. സുധാകരന്‍ പറഞ്ഞു. സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോകുന്നത്. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ മുഖ്യമന്ത്രി കാണുന്നുണ്ട്. ഡല്‍ഹി യാത്രയില്‍ മുഖ്യമന്ത്രി എപ്പോഴും കേന്ദ്രമന്ത്രിമാരെ കാണാറുണ്ടെന്നും അത്തരം കൂടിക്കാഴ്ച മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.