ആണ്‍സുഹൃത്തുക്കളെ വേണ്ടെന്നു വെക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറാണോ; എങ്കില്‍ അവര്‍ക്കെതിരെ ഉണ്ടാകുന്ന പീഡനശ്രമങ്ങള്‍ കുറയും: ഉപദേശവുമായി ബിജെപി എംഎല്‍എ

single-img
26 March 2018

ഭോപ്പാല്‍: പെണ്‍കുട്ടികള്‍ ആണ്‍സുഹൃത്തുക്കളെ ഉണ്ടാക്കി എടുക്കരുതെന്ന ഉപദേശവുമായി ബിജെപി എംഎല്‍എ പന്നലാല്‍ ശാക്യ. പെണ്‍കുട്ടികള്‍ ആണ്‍സുഹൃത്തുക്കളെ ഉണ്ടാക്കി എടുക്കുന്നത് കുറയ്ക്കണം. എങ്കില്‍ അവരുടെ സുരക്ഷവര്‍ധിക്കും എന്നാണ് എംഎല്‍എയുടെ പുതിയ കണ്ടെത്തല്‍.

പെണ്‍കുട്ടികള്‍ക്ക് എന്തിനാണ് ആണ്‍സുഹൃത്തുക്കള്‍. ആണ്‍സുഹൃത്തുക്കളെ ഉണ്ടാക്കുന്നത് നിര്‍ത്താന്‍ പെണ്‍കുട്ടികള്‍ തയ്യാറാണോ. എങ്കില്‍ അവര്‍ക്കെതിരെ ഉണ്ടാകുന്ന പീഡനശ്രമങ്ങള്‍ കുറയും എന്നും പന്നലാല്‍ പറഞ്ഞു. മധ്യപ്രദേശില്‍ ഗുണ സര്‍ക്കാര്‍ കോളെജില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കവെയാണ് പന്നലാല്‍ ഇക്കാര്യം പറഞ്ഞത്.

പെണ്‍സുഹൃത്തുക്കളെ ഉണ്ടാക്കിയെടുക്കുക എന്ന പാശ്ചാത്യ സംസ്‌കാരം ആണ്‍കുട്ടികളും ഒഴിവാക്കണം എന്നും പന്നലാല്‍ പറഞ്ഞു. ഇന്ത്യയുടെ തത്ത്വശാസ്ത്ര പ്രകാരം സ്ത്രീകള്‍ക്ക് ഉയര്‍ന്ന പദവിയാണ് നല്‍കുന്നത്. അതുകൊണ്ടാണ് നമ്മള്‍ വര്‍ഷത്തില്‍ നാല് തവണയെങ്കിലും വനിതാ ദിനം ആഘോഷിക്കുന്നത്.

സ്ത്രീകളെ എന്നും നമ്മള്‍ ആരാധിക്കാറുണ്ടെന്നും പന്നലാല്‍ പറഞ്ഞു. നേരത്തെ വിരാട് കൊഹ്‌ലിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പന്നലാല്‍ വിവാദ പ്രസ്താവന നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇറ്റലിയില്‍വെച്ച് കൊഹ്‌ലി അനുഷ്‌കയെ വിവാഹം ചെയ്തതില്‍ കൊഹ്‌ലിയുടെ രാജ്യ സ്‌നേഹത്തെയാണ് പന്നലാല്‍ ചോദ്യം ചെയ്തത്.