ഒരിക്കല്‍ പരിശോധിച്ച ദൃശ്യങ്ങള്‍ വീണ്ടും ആവശ്യപ്പെടുന്നത് എന്തിന്?; ദിലീപിനോട് ഹൈക്കോടതി

single-img
26 March 2018

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ദൃശ്യങ്ങള്‍ എന്തിനെന്ന് ഹൈക്കോടതി. ദൃശ്യങ്ങള്‍ കോടതിയില്‍ വച്ച് പരിശോധിച്ചതല്ലേ എന്നും കോടതി ആരാഞ്ഞു. പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ സുപ്രധാന ചോദ്യം.

എന്നാല്‍ ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നതായി സംശയമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. നടിയുടെ ശബ്ദത്തിന്റെ തീവ്രത കുറച്ചതായും സംശയമുണ്ട്. പുരുഷ, സ്ത്രീ ശബ്ദങ്ങളുടെ തീവ്രത തമ്മില്‍ വ്യത്യാസമുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ദൃശ്യങ്ങളുടെ പകര്‍പ്പിനായി അങ്കമാലി കോടതിയെയാണ് ദിലീപ് ആദ്യം സമീപിച്ചത്. കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡും ശബ്ദരേഖയും കിട്ടിയില്ലെങ്കില്‍ വിചാരണ ഏകപക്ഷീയമാകുമെന്നാണു ദിലീപിന്റെ പക്ഷം. ദൃശ്യങ്ങളിലെ സ്ത്രീ ശബ്ദം സംശയാസ്പദമാണെന്നും ദിലീപ് വാദിക്കുന്നു.

അതേസമയം, വൈദ്യ പരിശോധനാ റിപ്പോര്‍ട്ടുകള്‍ അടക്കം പ്രതിഭാഗത്തിന് ആവശ്യമായ രേഖകളുടെ പട്ടിക സമര്‍പ്പിക്കാന്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ദൃശ്യങ്ങള്‍ ഒഴികെയുള്ള എല്ലാ തെളിവുകളും പ്രതിഭാഗത്തിന് നല്‍കുകയും ചെയ്തിരുന്നു. ദൃശ്യങ്ങളുടെ കാര്യം ഹൈക്കോടതി തീരുമാനിക്കട്ടെ എന്നായിരുന്നു വിചാരണാക്കോടതിയായ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിലപാട് എടുത്തത്.