നടിയെ ആക്രമിച്ച് നീലച്ചിത്രം പകര്‍ത്താനായിരുന്നു പ്രതികളുടെ ശ്രമം: നടന്‍ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങള്‍

single-img
26 March 2018

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. നടിയ്‌ക്കെതിരെയുണ്ടായിരിക്കുന്നത് കൂട്ടമാനഭംഗമാണെന്നാണ് ഇന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.

നടിയെ ആക്രമിച്ച് നീലചിത്രം പകര്‍ത്താനായിരുന്നു പ്രതികളുടെ ശ്രമമെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത ശേഷം ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് ക്രൂരമാണ്. പ്രതിയുടെ ആവശ്യത്തേക്കാള്‍ വലുതാണ് ഇരയുടെ സ്വകാര്യത.

ഇരയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ കേസെടുക്കാവുന്ന സംഭവമാണിത്. പുറത്തുവിടാനാകാത്ത ദൃശ്യങ്ങളാണു മെമ്മറി കാര്‍ഡിലുള്ളത്. അതുകൊണ്ടുതന്നെ ദൃശ്യങ്ങള്‍ വേണമെന്ന ദിലീപിന്റെ ആവശ്യം ക്രൂരമാണെന്നും പ്രോസിക്യൂഷന്‍ നിലപാടെടുത്തു.

ദൃശ്യങ്ങളും രേഖകളും പ്രതിഭാഗം നേരത്തെ പരിശോധിച്ചിട്ടുള്ളതാണ്. മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കുന്നതിനാണ് പ്രതിഭാഗം ആവര്‍ത്തിച്ച് ദൃശ്യങ്ങളാവശ്യപ്പെടുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാകില്ല. ദൃശ്യങ്ങളില്ലാതെതന്നെ കേസ് തെളിയിക്കാമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

അതിനിടെ, നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ എന്തിനാണെന്നു പ്രതിഭാഗത്തിന്റെ വാദത്തിനിടെ ദിലീപിനോട് ഹൈക്കോടതി ചോദിച്ചു. ദൃശ്യങ്ങള്‍ കോടതിയില്‍വച്ചു പരിശോധിച്ചതല്ലേയെന്നും ഹൈക്കോടതി ആരാഞ്ഞു. എന്നാല്‍, ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നതായി സംശയമുണ്ടെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ മറുപടി.

വീഡിയോയില്‍ സ്ത്രീ ശബ്ദമുണ്ട്. അതാരുടേതാണെന്നു പരിശോധിച്ചിട്ടില്ല. നടിയുടെ ശബ്ദത്തിന്റെ തീവ്രത കുറച്ചതായും സംശയമുണ്ട്. പുരുഷ, സ്ത്രീ ശബ്ദങ്ങളുടെ തീവ്രത തമ്മില്‍ വ്യത്യാസമുണ്ടെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ദൃശ്യങ്ങള്‍ നല്‍കുന്നത് നടിയെ പ്രതികൂലമായി ബാധിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം പരിഗണിച്ചായിരുന്നു കോടതി നടപടി. തുടര്‍ന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം വൈദ്യ പരിശോധനാ റിപ്പോര്‍ട്ടുകള്‍ അടക്കം പ്രതിഭാഗത്തിന് ആവശ്യമായ രേഖകളുടെ പട്ടിക സമര്‍പ്പിക്കാന്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ദൃശ്യങ്ങളൊഴികെയുളള എല്ലാ തെളിവുകളും പ്രതിഭാഗത്തിന് നല്‍കിയിരുന്നു.