അസ്‌നയെ മറന്നോ?ആര്‍എസ്എസ് ബോംബേറില്‍ കാലുനഷ്ടപ്പെട്ട ഒന്നാംക്ലാസുകാരി ഇനി ഡോക്ടര്‍ അസ്‌ന.

single-img
25 March 2018

പാനൂര്‍: കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന് ഇരയായ അസ്‌നയെ മലയാളികള്‍ മറന്ന് കാണില്ല.വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ആര്‍എസ്എസ് ബോംബേറില്‍ അസ്നയ്ക്ക് കാല്‍ നഷ്ടമായി. എന്നാല്‍, തളരാത്ത ആത്മവിശ്വാസവുമായി അസ്ന ഇന്ന് പഠിച്ച് ഡോക്ടറായിരിക്കുകയാണ്.

കൃത്രിമക്കാലില്‍ നടന്നുശീലിച്ച അസ്‌നയുടെ പോരാട്ടം വിധിയോടായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് എം.ബി.ബി.എസ്. പരീക്ഷയില്‍ വിജയിച്ച കാര്യം അസ്‌നയറിഞ്ഞത്.

2000 ഡിസംബറിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പു ദിനം. വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന അസ്‌നയ്ക്കും അനുജനും കുടുംബാംഗങ്ങള്‍ക്കും നേരേ ബോംബേറുണ്ടായി. പാട്യം ഗ്രാമപഞ്ചായത്തിലെ പൂവത്തൂര്‍ യു പി സ്‌കൂളിലെ പത്താം നമ്പര്‍ ബൂത്തിലാണ് ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബോംബേറു നടത്തിയത്. കോണ്‍ഗ്രസ് ശക്തികേന്ദ്രമായ ഇവിടെ ബൂത്ത് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്രമം അരങ്ങേറിയത്.

അസ്‌നയ്ക്കും സഹോദരന്‍ ആനന്ദിനും ബോംബേറില്‍ പരിക്കേറ്റു. സ്‌ഫോടനത്തില്‍ അസ്‌നയുടെ വലതു കാല്‍ ചിതറി. ആനന്ദ് രക്തത്തില്‍ കുളിച്ചു. അസ്‌നയുടെ അമ്മയ്ക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അസ്‌നയുടെ പിഞ്ചുകാല്‍ പിന്നീട് ആശുപത്രിയില്‍ വച്ച് മുട്ടിനു മുകളില്‍ വച്ച് മുറിച്ചു മാറ്റിയിരുന്നു.

അപകടം ഉണ്ടാകുമ്പോള്‍ ഒന്നാം ക്ലാസ്സിലായിരുന്നു അസ്‌ന. പിന്നീട് പഠിച്ചു മിടുക്കിയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നു.അസ്‌നയുടെ മെഡിക്കല്‍ വിദ്യാഭ്യാസച്ചെലവ് എന്‍ജിഒ അസോസിയേഷന്‍ ഏറ്റെടുത്തിരുന്നു. കോണ്‍ഗ്രസ് അനുഭാവി കുടുംബമായിരുന്നു അസ്‌നയുടേത്. ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പണം സ്വരൂപിച്ച് നിര്‍ധനരായ അസ്‌നയുടെ കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്കി. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദ്ദേശ പ്രകാരം അസ്‌നയ്ക്ക് ഉപയോഗിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക സൗകര്യവും ഏര്‍പ്പാട് ചെയ്തിരുന്നു.

ഡോക്ടര്‍ പദവി ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും പരിക്കേറ്റ് ഏറെ കാലം ആശുപത്രിയില്‍ കഴിയേണ്ടിവന്ന കാലത്ത് മനസില്‍ ഉടലെടുത്ത ആഗ്രഹമാണ് ഡോക്ടറാവുക എന്നതെന്നും അസ്‌ന പറഞ്ഞു.

അസ്‌നക്കേസില്‍ പ്രതിയായി ശിക്ഷിക്കപ്പെട്ട എ അശോകന്‍ ഇപ്പോള്‍ സിപിഎമ്മില്‍ ആണ്. മാത്രമല്ല, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റു കൂടിയാണ്.സിപിഎം സ്ഥാനാര്‍ത്ഥിയായി കൂത്തുപറമ്പില്‍ മത്സരിച്ച അശോകനെതിരേ പ്രചരണത്തിനായി അസ്‌ന യുഡിഎഫ് വേദികളില്‍ എത്തിയിരുന്നു.കേസില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരായ 13 പേരും കുറ്റക്കാരാണെന്ന് തലശ്ശേരി അതിവേഗക്കോടതി അന്ന് കണ്ടെത്തിയിരുന്നു.