ഒരു വ്യക്തിയുടെ മണ്ടന്‍ ആശയം മൂലം ജീവന്‍ നഷ്ടമായ എല്ലാ നിരപരാധികളെയും ഈ ദിവസം ഞങ്ങള്‍ ഓര്‍മിക്കുന്നു: നോട്ട് നിരോധനത്തിന്റെ 500-ാം ദിനത്തില്‍ മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്

single-img
24 March 2018

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ അഞ്ഞൂറാം ദിനത്തില്‍ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ്. ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് മോദിക്കെതിരെ രംഗത്തെത്തിയത്.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നിന്റെ 500-ാം ദിവസമാണിന്ന്.

ഒരു വ്യക്തിയുടെ മണ്ടന്‍ ആശയം മൂലം ജീവന്‍ നഷ്ടമായ എല്ലാ നിരപരാധികളെയും ഈ ദിവസം ഞങ്ങള്‍ ഓര്‍മിക്കുന്നു. ഡിമോ ഡിസാസ്റ്റര്‍ എന്ന ഹാഷ്ടാഗോടെയാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഈ ട്വിറ്റര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ട്വീറ്റിനൊപ്പം ഒരു കുറിപ്പും ചേര്‍ത്തിട്ടുണ്ട്. അതില്‍ പറയുന്നത് ഇങ്ങനെ- ‘ഓരോരുത്തര്‍ക്കും കമ്ബിളിപ്പുതപ്പ് നല്‍കാമെന്ന് നേതാവു പറഞ്ഞപ്പോള്‍ ആഹ്ലാദിച്ച ചെമ്മരിയാടുകളെയാണ് ഡീമോണിട്ടൈസേഷന്‍ ഞങ്ങളെ ഓര്‍മിപ്പിക്കുന്നത്.

എവിടെ നിന്നാണ് കമ്ബിളിനൂല്‍കിട്ടുകയെന്ന് ഒരാട് ചോദിക്കുന്നതുവരെ ആ ചെമ്മരിയാടുകള്‍ ആഹ്ലാദിച്ചു’. ആട്ടിന്‍പറ്റത്തിനു നടുവില്‍ നില്‍ക്കുന്ന മോദിയുടെ ചിത്രവും ഒപ്പം കൊടുത്തിട്ടുണ്ട്. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഡീമോണിട്ടൈസേഷനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.