“ജയിലില്‍ കൂട്ടുകാരിക്കൊപ്പം 12 മണിക്കൂർ കൂടിക്കാഴ്ച;ആകാശ് തില്ലങ്കേരിക്ക് ജയിലില്‍ വഴിവിട്ട സഹായം”

single-img
23 March 2018

കണ്ണൂർ∙ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കു ജയിലിൽ പ്രത്യേക പരിഗണന. ഇതിനെതിരെ കോൺഗ്രസ് നേതാവ് കെ. സുധാകരൻ ജയി‍ൽ ഡിജിപിക്കു പരാതി നൽകി.കൂട്ടുപറമ്പ് സ്വദേശിയായ യുവതിയുമായി പകല്‍ മുഴുവന്‍ ചിലവഴിക്കാനുള്ള അവസരം ജയില്‍ അധികൃതര്‍ നല്‍കിയെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.സാധാരണ സന്ദർശകർക്കു തടവുകാരുമായി കൂടിക്കാഴ്ച നടത്താൻ അനുമതി നൽകാത്ത സ്ഥലത്താണ് ആകാശും കൂട്ടുകാരിയും സംസാരിച്ചതെന്നു സുധാകരന്റെ പരാതിയിൽ പറയുന്നു. ആകാശിന്റെ സെല്‍ പൂട്ടാറില്ല. എല്ലാ സ്വാതന്ത്ര്യവും ജയിലില്‍ ആകാശിനുണ്ട്. മൂന്ന് ദിവസങ്ങളായി പല തവണയാണ് ആകാശിന് യുവതിയെ കാണാന്‍ അധികൃതര്‍ അവസരം നല്‍കിയത്.

യുവതിയുമായി നേരത്തേ കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിനു സമീപംനിന്ന് ആകാശ് സെൽഫിയെടുത്തതു വിവാദമായിരുന്നു. സെൽഫിയെടുക്കുന്നതു കൂത്തുപറമ്പിലെ സിപിഎം പ്രവർത്തകർ തടഞ്ഞതിനെ വിമർശിച്ച് ആകാശ് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.ഇത് വിവാദമായിരുന്നു. അതുമായി ബന്ധപ്പെട്ടു സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ ആകാശിനെ ശാസിച്ചിരുന്നു.

നേരത്തേ മട്ടന്നൂരിലെ മറ്റൊരു കൊലപാതകക്കേസിൽ റിമാൻഡിൽ കഴിഞ്ഞ സമയത്തും കണ്ണൂ‍ർ സ്പെഷൽ സബ് ജയിലിൽ ആകാശിനു പ്രത്യേക പരിഗണന നൽകിയതായി ആരോപണമുണ്ടായിരുന്നു.കേസില്‍ അറസ്റ്റിലായ ആകാശ് അടക്കമുള്ള പ്രതികള്‍ കണ്ണൂര്‍ സ്പെഷല്‍ സബ് ജയിലിലാണ് കഴിയുന്നത്.