വീടുകളില്‍ ഒറ്റയ്ക്ക് താമസിക്കുന്നവര്‍ ഇനി ഒന്നുകൊണ്ടും പേടിക്കേണ്ട: അത്യാഹിതം ഉണ്ടായാല്‍ ഫോണിന്റെ റിസീവര്‍ ഒന്നു തട്ടിയിട്ടാല്‍ മതി പോലീസ് പാഞ്ഞെത്തും

single-img
23 March 2018

വീടുകളില്‍ ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്നവര്‍ക്ക് കൂടുതല്‍ സുരക്ഷയുമായി കേരളാ പോലീസ്. പരസഹായമില്ലാതെ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായവരുടെ വീടുകളില്‍ മോഷണം, അക്രമം തുടങ്ങിയവ വ്യാപകമാകുന്നതും അസുഖമുണ്ടായാല്‍ സമയത്ത് പരിചരണം കിട്ടാത്തതുമൊക്കെ പരിഗണിച്ചാണ് പോലീസിന്റെ പുതിയ സേവനം.

ബി.എസ്.എന്‍.എല്‍. ലാന്‍ഡ്‌ഫോണ്‍ ഉള്ളവര്‍ക്ക് പാലാ പോലീസ് തുടങ്ങിയ ഹോട്ട്‌ലൈന്‍ സംവിധാനമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. നിങ്ങള്‍ക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചാല്‍ ഫോണിന്റെ റിസീവര്‍ പതിനഞ്ച് സെക്കന്‍ഡ് ഉയര്‍ത്തുകയോ മാറ്റിവെക്കുകയോ ചെയ്താല്‍ മാത്രം മതി.

ഉടന്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍ നിങ്ങളുടെ വീട്ടിലേക്ക് ചീറിപ്പാഞ്ഞ് വരികയും വേണ്ട സഹായങ്ങള്‍ ചെയ്യുകയും ചെയ്യും. ഓരോ പോലീസ്‌റ്റേഷനിലെയും അവരുടെ പരിധിയിലുള്ള വീടുകളിലെയും ഫോണ്‍ നമ്പരുകള്‍ തമ്മില്‍ ബന്ധിപ്പിച്ചാണ് പോലീസ് ഈ സേവനം നടപ്പാക്കുന്നത്.

ഇതോടൊപ്പം അടിയന്തര സാഹചര്യങ്ങളില്‍ ബെല്‍ അമര്‍ത്തിയാല്‍ അയല്‍വാസിയുടെ വീട്ടില്‍ അലാറം മുഴങ്ങുന്ന സംവിധാനവും പോലീസ് നടപ്പിലാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ ബെല്‍ സ്ഥാപിക്കാന്‍ 500 രൂപയില്‍ താഴെയേ ചെലവ് വരൂ. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ചെലവ് പോലീസ് തന്നെയാണ് വഹിക്കുന്നത്.

ഒരോ പ്രദേശത്തേയും മുതിര്‍ന്ന ആളുകളുമായി സംസാരിച്ച് അവരുടെ പ്രശ്‌നങ്ങള്‍ പോലീസ് മനസ്സിലാക്കിയിരുന്നു. അവര്‍ പറഞ്ഞത് വിലയിരുത്തിയാണ് ഇത്തരത്തിലുള്ള സുരക്ഷ ഒരുക്കിയത്. ഈ പദ്ധതി മറ്റുള്ള ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.