ഹയര്‍ സെക്കണ്ടറി ഫിസിക്‌സ് ചോദ്യപേപ്പര്‍ ചോര്‍ന്ന കേസില്‍ അന്വേഷണം തുടങ്ങി

single-img
23 March 2018

ഹയര്‍ സെക്കണ്ടറി ഫിസിക്‌സ് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നുവെന്ന പരാതിയില്‍ സൈബര്‍ ക്രൈം പൊലീസ് അന്വേഷണം തുടങ്ങി. ബുധനാഴ്ചയാണ് ഹയര്‍ സെക്കന്‍ഡറി ഫിസിക്‌സ് പരീക്ഷ നടന്നത്. പരീക്ഷയ്ക്ക് വന്ന 25 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ അതേപടി എഴുതി തയാറാക്കി വാട്‌സാപ്പടക്കമുള്ള സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്നാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ പരാതിയില്‍ പറയുന്നത്.

ഇത്തരത്തില്‍ ചോദ്യങ്ങളുമായി പ്രചരിച്ച സന്ദേശം ഹയര്‍ സെക്കന്‍ഡറിയുടെ തൃശൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ക്ക് വാട്‌സാപ്പില്‍ ലഭിച്ചപ്പോളാണ് ചോര്‍ച്ച പുറത്തറിഞ്ഞത്. തുടര്‍ന്ന് ജോയിന്റ് ഡയറക്ടര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ചോര്‍ന്നതായി സ്ഥിരീകരിച്ചതോടെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കി.

ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം കേസെടുത്ത സൈബര്‍ ക്രൈം പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇക്ബാലിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. തൃശൂര്‍ ജില്ലയിലുള്ള അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ഗ്രൂപ്പുകളില്‍ ചോദ്യപേപ്പര്‍ ലഭിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. അതിനാല്‍ ഈ ഗ്രൂപ്പുകളുടെ അഡ്മിന്‍ അടക്കമുള്ള അംഗങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.