മോദി സര്‍ക്കാരിനെ മെരുക്കാന്‍ അണ്ണാ ഹസാരെ: ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ദില്ലിയില്‍ വീണ്ടും നിരാഹാര സമരം തുടങ്ങി

single-img
23 March 2018

മുംബൈ: ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം അണ്ണാ ഹസാരെ ദില്ലിയില്‍ വീണ്ടും നിരാഹാര സമരം തുടങ്ങി. കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല നിരാഹാര സമരം. ശക്തമായ ജന്‍ലോക്പാല്‍ ബില്‍ കൊണ്ടുവരിക, കര്‍ഷകപ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അഴിമതിവിരുദ്ധ സേനാനിയായ അണ്ണാ ഹസാരെ ദില്ലിയിലെ രാംലീല മൈതാനത്ത് അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്.

അതേസമയം, തലസ്ഥാനത്തു താന്‍ നടത്തുന്ന സത്യഗ്രഹം തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ‘പ്രതിഷേധക്കാരുമായി ഡല്‍ഹിയിലേക്കു വരുന്ന ട്രെയിനുകള്‍ നിങ്ങള്‍ റദ്ദാക്കി. അവരെ അക്രമത്തിനു നിര്‍ബന്ധിക്കുകയാണ് നിങ്ങള്‍.

എനിക്കുവേണ്ടിയും പൊലീസിനെ അയച്ചു. പൊലീസ് സംരക്ഷണം വേണ്ടെന്നു പലയാവര്‍ത്തി കത്തെഴുതി അറിയിച്ചിട്ടുണ്ട്. നിങ്ങളുടെ സംരക്ഷണം എന്നെ സഹായിക്കില്ല. കേന്ദ്രസര്‍ക്കാരിന്റെ ഈ കൗശലം ഇനി നടപ്പില്ല’ ഹസാരെ വ്യക്തമാക്കി. രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിയുടെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് രാംലീല മൈതാനത്ത് ഹസാരെ എത്തിയത്.

സമരത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ആവശ്യങ്ങള്‍ ഉന്നയിച്ചു പലവട്ടം കത്തയച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കാത്തതിലെ നീരസം ഹസാരെ പ്രകടിപ്പിച്ചിരുന്നു. സമരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ സ്വാഗതം ചെയ്യുന്നുവെങ്കിലും വേദി പങ്കിടാന്‍ രാഷ്ട്രീയ നേതാക്കളെ അനുവദിക്കില്ല. സമരത്തിന്റെ ആസൂത്രണ, നടത്തിപ്പു ചുമതല വഹിക്കുന്ന കോര്‍ കമ്മിറ്റി അംഗങ്ങളോടു ഭാവിയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ലെന്ന് എഴുതിവാങ്ങുകയും ചെയ്തിട്ടുണ്ട്.