കുഞ്ഞിനെ മടിയിലിരുത്തി തറയിലിരുന്ന് പരീക്ഷയെഴുതുന്ന അഫ്ഗാന്‍ യുവതി; ചിത്രങ്ങള്‍ വൈറല്‍

single-img
22 March 2018

കുഞ്ഞിനെ മടിയിലിരുത്തി തറയിലിരുന്ന് പരീക്ഷയെഴുതുന്ന അഫ്ഗാന്‍ യുവതിയുടെ ചിത്രങ്ങള്‍ വൈറലാകുന്നു. 25കാരിയായ ജഹാന്‍ താബ് ആണ് അഫ്ഗാനിലെ നില്ലി നഗരത്തിലുള്ള യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടുന്നതിനായി പ്രവേശന പരീക്ഷ കുഞ്ഞിനെ പരിചരിച്ചുകൊണ്ട് തറയിലിരുന്ന് എഴുതിയത്.

കുഞ്ഞിന് രണ്ട് മാസം മാത്രമാണ് പ്രായം. പരീക്ഷ തുടങ്ങുമ്പോള്‍ കസേരയിലിരിക്കുകയായിരുന്നു ജഹാന്‍. എന്നാല്‍ ഇടയ്ക്ക് കുഞ്ഞ് കരയാന്‍ തുടങ്ങി. ഇതോടെ അവിടെ നിന്ന് എഴുന്നേറ്റ് വന്ന് കുഞ്ഞിനെ എടുത്ത് മടിയിലിരുത്തി ജഹാന്‍ തറയിലിരുന്നു കൊണ്ട് പരീക്ഷ എഴുതാന്‍ തുടങ്ങി.

എക്‌സാമിനര്‍ യാഹ്യ ഇര്‍ഫാന്‍ ആണ് ജഹാന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്. അദ്ദേഹം തന്നെയാണ് ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചതും. ചിത്രം വൈറലായതോടെ നിരവധി പേരാണ് സോഷ്യല്‍മീഡിയയിലൂടെ ജഹാനെ അഭിനന്ദിച്ചത്. ഏവര്‍ക്കും പ്രചോദനവും മാതൃകയുമാകുന്ന പ്രവൃത്തിയാണ് ജഹാന്റേതെന്നാണ് സോഷ്യല്‍മീഡിയയില്‍ വന്ന കമന്റുകളില്‍ പറയുന്നത്.