ഇന്ത്യയുടെ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ബ്രഹ്മോസ് വിക്ഷേപണം വിജയകരം: ഇനി ബ്രഹ്മോസിനെ വെല്ലാന്‍ ലോകത്തു വേറെ ക്രൂയിസ് മിസൈലുകളില്ല

single-img
22 March 2018

ഇന്ത്യയുടെ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ബ്രഹ്മോസ് പരീക്ഷണം വിജയമെന്നു പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യസുരക്ഷയ്ക്കു മുതല്‍ക്കൂട്ടാണു ശബ്ദാതിവേഗ മിസൈലായ ബ്രഹ്മോസെന്നു അവര്‍ വ്യക്തമാക്കി. രാവിലെ രാജസ്ഥാനിലെ പൊഖ്‌റാനിലായിരുന്നു പരീക്ഷണം.

ലക്ഷ്യത്തിന്റെ കൃത്യതയിലും ശക്തിയിലും ബ്രഹ്മോസിനെ വെല്ലാന്‍ ലോകത്തു വേറെ ക്രൂയിസ് മിസൈലുകളില്ല. കഴിഞ്ഞ നവംബറില്‍ ബ്രഹ്മോസ്, സുഖോയ് 30 എംകെഐ യുദ്ധവിമാനത്തില്‍നിന്നു വിജയകരമായി പരീക്ഷിച്ചിരുന്നു. ലോകത്ത് ആദ്യമായാണു ശബ്ദാതിവേഗ മിസൈല്‍ ദീര്‍ഘദൂര പോര്‍വിമാനത്തില്‍ ഘടിപ്പിച്ചതും വിജയകരമായി വിക്ഷേപിച്ചതും.

ഈ ശേഷി കൈവരിക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതിക്കു പിന്നാലെയാണു ബ്രഹ്മോസ് വീണ്ടും പരീക്ഷിച്ചത്. വ്യക്തമായി കാണാന്‍ കഴിയാത്ത ലക്ഷ്യസ്ഥാനങ്ങളില്‍പോലും ആക്രമണം നടത്താന്‍ കഴിയുമെന്നതാണു ബ്രഹ്മോസ്–സുഖോയ് സംയോജനത്തിന്റെ ഗുണം.

ഇന്ത്യയും റഷ്യയും ചേര്‍ന്നാണു ബ്രഹ്മോസ് മിസൈല്‍ വികസിപ്പിച്ചത്. മണിക്കൂറില്‍ 3200 കിലോമീറ്ററാണു വേഗം. ഭാരം 2500 കിലോ. കരയില്‍നിന്നും കടലില്‍നിന്നും തൊടുക്കാം. 300 കിലോമീറ്ററാണു സൂക്ഷ്മമായ ആക്രമണത്തിന്റെ ദൂരപരിധി. ഒരേ സമയം 16 മിസൈലുകള്‍ വരെ വിടാനാകും. ഈ 16 മിസൈലും മൂന്ന് സെക്കന്റിന്റെ ഇടവേളകളില്‍ പുറപ്പെട്ടു കൃത്യമായ ലക്ഷ്യത്തിലെത്തും. എത്ര ചെറിയ ലക്ഷ്യമായാലും കൃത്യമായി എത്തിച്ചേരും. എത്ര വലിയ ലക്ഷ്യമായാലും പൂര്‍ണമായും തകര്‍ക്കാനും കഴിയും.