‘ബിജെപി വിരുദ്ധവികാരം ഇല്ലേയില്ല; 300ല്‍ അധികം എംപിമാരുമായി 2019ലും കേന്ദ്രത്തില്‍ അധികാരം നേടും’: ആത്മവിശ്വാസത്തില്‍ അമിത് ഷാ

single-img
22 March 2018

2019ലും ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടും. 300 എംപിമാര്‍ എന്ന മാന്ത്രികസംഖ്യ പാര്‍ട്ടി സ്വന്തമാക്കും. തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) ദേശീയ ജനാധിപത്യസഖ്യം (എന്‍ഡിഎ) വിട്ടത് 2019ലെ ബിജെപി വിജയത്തെ ബാധിക്കില്ലെന്നും അമിത് ഷാ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി..

ബിജെപിക്കെതിരായ വികാരമുണ്ടെന്നതു തെറ്റായ പ്രചാരണമാണ്. 12 ലക്ഷം വോട്ടര്‍മാരുടെ പിന്തുണയും 150 കോടി ഇന്ത്യക്കാരുടെ പിന്തുണയും ഒരു പോലെയാണോ? വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ചും ത്രിപുരയില്‍, ഞങ്ങള്‍ക്കൊരു എംഎല്‍എ പോലുമുണ്ടായിരുന്നില്ല.

അവിടെ ഇത്തവണ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചു. ബിജെപി വിരുദ്ധവികാരം എന്ന ചോദ്യത്തിനു പ്രസക്തിയില്ല. മുന്നണിയിലെ മറ്റു കക്ഷികളുമായി അഭിപ്രായ വ്യത്യാസങ്ങളില്ല. ചന്ദ്രബാബു നായിഡുവും ടിഡിപിയും എന്‍ഡിഎ വിട്ടുവെന്നതു സത്യമാണ്.

പക്ഷേ ഇപ്പോഴും 30 പാര്‍ട്ടികള്‍ മുന്നണിക്കൊപ്പമുണ്ട്. പിന്നെയെങ്ങനെയാണു ഞങ്ങള്‍ തകരുന്നത്?. കോണ്‍ഗ്രസിന്റെ അവസരവാദം പോലെയല്ല ബിജെപിയുടെ ആദര്‍ശം. എന്‍ഡിഎ മുന്നണിയുടെ നിലപാടും മറിച്ചല്ല. ഞങ്ങള്‍ക്കു ഭൂരിപക്ഷമുണ്ട്. ആവശ്യങ്ങളുടെ അടിസ്ഥാനത്തിലല്ല സൗഹൃദമുണ്ടാക്കേണ്ടത്.

ആന്ധ്രപ്രദേശിനായി ബിജെപിയും എന്‍ഡിഎയും മോദി സര്‍ക്കാരും ഒരുപാടു കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ടിഡിപിയുടെ ആവശ്യങ്ങള്‍ ചെവികൊണ്ടില്ലെന്ന ആരോപണം ശരിയല്ല. വിഭജിക്കപ്പെട്ടോ ഇല്ലയോ എന്നതല്ല, ആന്ധ്രയ്ക്ക് ഇത്രയധികം കേന്ദ്രസഹായം നല്‍കിയ മറ്റൊരു സര്‍ക്കാരില്ലെന്നതാണു സത്യം. ആന്ധ്രയ്ക്കു നല്‍കിയ കേന്ദ്രഫണ്ടിനെക്കുറിച്ചു കൃത്യമായ കണക്കു കൈവശമുണ്ടെന്നും അമിത് ഷാ വിശദീകരിച്ചു.